ന്യൂദല്‍ഹി- പാക്കിസ്ഥാനിലെ ജെയ്‌ശെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യു.എന്‍ രക്ഷാസമിതി നടപടി വലിയ വിജയമായി ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസിന് നെഞ്ചിടിപ്പേറുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഊന്നി കോണ്‍ഗ്രസ് പ്രചാരണം മുന്നേറുമ്പോഴാണ് തുടക്കം മുതല്‍ ബി.ജെ.പി വിഷയമാക്കിയ ദേശീയവാദത്തിന് അനുകൂലമായി അവസരങ്ങള്‍ വീണു കിട്ടുന്നത്.
പാക്കിസ്ഥാനെ നേരിടാന്‍ താന്‍ മതിയെന്ന പ്രധാനമന്ത്രി മോഡിയുടെ വീമ്പു പറച്ചിലിന് സഹായകമാകുന്നതാണ് ഇന്ത്യ നേടിയ നയതന്ത്ര വിജയം. തൊഴിലില്ലായ്മയിലേക്കും കര്‍ഷക ദുരിത്തിലേക്കും തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് പെടാപാട് പെടുമ്പോഴാണ് ദേശീയ വികാരം വോട്ടാക്കുന്നതില്‍ ബി.ജെ.പി എളുപ്പം ജയിക്കുന്നത്.
ഇന്ത്യ സുരക്ഷിത കരങ്ങളിലാണെന്നാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച നടപടിയോട് കേന്ദ്ര ധനമന്ത്രിയും ബി.ജെപിയുടെ മുതിര്‍ന്ന നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചത്. യു.എന്‍ രക്ഷാ സമിത തീരുമാനത്തെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി രണ്‍ദീപ് സുര്‍ജെവാല മസൂദിനെ ഭീകരനായി പ്രഖ്യാപിക്കുന്നത് നീണ്ടതില്‍ മോഡി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രസ്താവനയാണ് പുറത്തിറക്കിയത്.
2009 ല്‍ മുംബൈ ഭീകരാക്രമണത്തിനുശേഷം മസൂദ് അസ്ഹറിനെ യു.എന്‍ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാരാണ് നടപടി തുടങ്ങിയിരുന്നത്. യാഥാര്‍ഥ്യമായത് മോഡിയുടെ കാലത്തായതിനാല്‍ ഇക്കാര്യം വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും എളുപ്പം സാധിക്കില്ല. ഞങ്ങളുടെ മോഡി ചെയ്തുവെന്ന ബി.ജെ.പി നേതാക്കളുടെ വാക്കുകള്‍ക്ക് തന്നെയായിരിക്കും മുന്‍തൂക്കം.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള്‍ ബാക്കിനില്‍ക്കെയാണ് മോഡി ക്യാമ്പിന് മുതലെടുക്കാവുന്ന യു.എന്‍ തീരുമാനം വന്നിരിക്കുന്നത്. ഭീകരതയെ വൈകാരിക പ്രശ്‌നമാക്കി മാറ്റുന്നതില്‍ ബി.ജെ.പിയും സംഘ്പരിവാറും വിജയിച്ച ഹിന്ദി ഹൃദയഭൂമിയിലെ സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കാന്‍ ബാക്കിയുള്ളത്.
ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ബംഗാള്‍, ഹരിയാന, ഹിമാചല്‍പ്രദേശ്, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പി പ്രചരിപ്പിക്കുന്ന ദേശീയ ഭ്രാന്തിനെ പ്രതിരോധിക്കാന്‍ രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന കര്‍ഷക ദുരിതങ്ങള്‍ക്കും തൊഴിലില്ലായ്മക്കും അഴിമതിക്കും സാധിക്കുമോ എന്നു കണ്ടറിയണം.