മനില- ഫിലിപ്പൈന്‍സിലെ ഇലോയിലോ നഗരത്തിലെ ഒരു ഹോട്ടല്‍ ദമ്പതികള്‍ക്ക് റൂം നല്‍കുന്നതിന് കര്‍ശന നിബന്ധനകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇഫ്രാതാഹ് ഫാമ്‌സ്' എന്ന ഹോട്ടല്‍ പുറത്തുവിട്ട നിബന്ധനകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പ്രധാന നിബന്ധനകള്‍ ഇങ്ങനെ: 1 വിവാഹിതരായ ദമ്പതികള്‍ക്ക് മാത്രമേ റൂ നല്‍കൂ. 2. റൂം ബുക്ക് ചെയ്യുന്നതിനായി വരുമ്പോള്‍ വിവാഹിതരാണെന്ന് തെളിയിക്കുന്ന ഐഡി കാര്‍ഡുകളോ വിവാഹമോതിരമോ കാണിക്കേണ്ടിവരും.
ബിസിനസ് നേട്ടത്തിനായി ശ്രമിക്കുന്നതുപോലെ തന്നെ ക്രിസ്തീയ വിശ്വാസം പുലര്‍ത്തുന്നവരെന്ന നിലയില്‍ ചില മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരമാണെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു. ഹോട്ടലിന്റെ ഫേസ്ബുക്ക് പേജില്‍ നിബന്ധനകളുടെ ചാര്‍ട്ട് അടങ്ങുന്ന ചിത്രവും ഇവര്‍ നല്‍കിയിട്ടുണ്ട്. ആറുവര്‍ഷമായി ഈ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് റൂം നല്‍കുന്നതെന്നും ബുക്കിങ്ങിനായി വരുന്നവര്‍ യഥാര്‍ത്ഥ ദമ്പതികളാണെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും ഇവര്‍ പറയുന്നു
'വിവാഹത്തിന്റെ പവിത്രതയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. വിവാഹിതര്‍ തമ്മിലേ ലൈംഗിക ബന്ധം പാടുള്ളൂവെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. വിവാഹേതര ബന്ധങ്ങള്‍ക്കും അല്‍പനേരത്തെ ഉല്ലാസത്തിനവുമായി റൂം തേടിയെത്തുന്നവര്‍ക്ക് അത് നല്‍കാത്തത് അതുകൊണ്ടാണ്' ഹോട്ടല്‍ അധികൃതര്‍ വിശദീകരിക്കുന്നു. സംഗതി എന്തായാലും ഹോട്ടല്‍ മാനദണ്ഡങ്ങളെ സംബന്ധിച്ച വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.