വിക്കിലീക്‌സ് സ്ഥാപകന്‍ അസാഞ്ച് 50 ആഴ്ച ബ്രിട്ടീഷ് ജയിലില്‍

ലണ്ടന്‍- ബ്രിട്ടീഷ് കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയതിന് വിക്കിലീക്കസ്  സഹ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന് ലണ്ടന്‍ കോടതി 50 ആഴ്ചത്തെ ജയില്‍ ശിക്ഷ വിധിച്ചു. അമേരിക്കന്‍ സര്‍ക്കാര്‍ രേഖകളുടെ പാസ് വേഡ് ഹാക്ക് ചെയ്യുന്നതിന് ഗൂഢാലോചന നടത്തിയ കുറ്റത്തില്‍ കൈമാറിക്കിട്ടണമെന്ന യു.എസിന്റെ ഹരജി പരിഗണിക്കുന്നതിന് ഒരു ദിവസം മുമ്പാണ് അസാഞ്ചിനെ ബ്രിട്ടീഷ് ജയിലിലടച്ചിരിക്കുന്നത്.
ഇക്വഡേറിയന്‍ എംബസിയില്‍ അഭയം തേടിയിരുന്ന 47 കാരനായ അസാഞ്ചിന് അനുവദിച്ച ജാമ്യത്തിന്റെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ബ്രിട്ടീഷ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സ്വീഡന് കൈമാറ്റം ചെയ്യപ്പെടാതിരിക്കാനാണ് 2012 ല്‍ അസാഞ്ച് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. അസാഞ്ച് ആരോപണം നിഷേധിച്ച കേസ് സ്വീഡിഷ് കോടതി പിന്നീട് തള്ളിക്കളഞ്ഞിരുന്നു. ഇക്വഡോര്‍ അഭയം നിഷേധിക്കുകയും ലണ്ടന്‍ പോലീസിന്റെ പിടിയിലാകുകയും ചെയ്തതിനെ തുടര്‍ന്ന് കേസ് വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഈ കേസിലെ ഇര സ്വീഡിഷ് കോടതിയെ സമീപിച്ചിട്ടുണ്ട്.
സ്വീഡനിലേക്കും അവിടെനിന്ന് അമേരിക്കയിലേക്കും കൈമാറുമെന്ന ഭയം കാരണമാണ് ഏഴു വര്‍ഷം മുമ്പ് ജാമ്യ വ്യവസ്ഥ ലംഘിച്ചതെന്ന് അസാഞ്ചിന്റെ അഭിഭാഷകന്‍ മാര്‍ക്ക് സമ്മേര്‍സ് വാദിച്ചു. സ്വീഡന്‍ അമേരിക്കക്ക് കൈമാറിയില്‍ കുപ്രസിദ്ധ തടവറയായ ഗ്വാണ്ടനാമോ ബേയില്‍ അടക്കുമെന്നാണ് തന്റെ കക്ഷി ഭയപ്പെട്ടിരുന്നതെന്ന് അദ്ദേഹം വാദിച്ചു.
അമേരിക്ക തട്ടിക്കൊണ്ടുപോകുമെന്ന ഭയവും ഉണ്ടായിരുന്നുവെന്ന് അതിയായ ഭീതയോടെയാണ് കഴിഞ്ഞിരുന്നതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എംബസിയില്‍ അഭയം തേടിയതിന് നിര്‍വ്യാജം ഖേദിക്കുന്നുവെന്ന് അസാഞ്ച് സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് അഭിഭാഷകന്‍ വായിച്ചു.ഭീതിദായകമായ സാഹചര്യമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നതെന്നും അന്ന് ഏറ്റവും നല്ല പരിഹാരമെന്ന് കരുതിയ മാര്‍ഗം സ്വീകരിക്കുകയായിരുന്നുവെന്നും അസാഞ്ച് കുറിപ്പില്‍ എഴുതിയിരുന്നു.
ഏഴു വര്‍ഷം അടച്ചിട്ട നിലയിലാണ് അസാഞ്ച് കഴിഞ്ഞിരുന്നതെന്നും പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ലെന്നും സമ്പൂര്‍ണ നിരീക്ഷണത്തിലായിരുന്നുവെന്നും അഭിഭാഷകന്‍ വിശദീകരിച്ചു. അസാഞ്ച് തികഞ്ഞ നിരാശയിലാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
ചലച്ചിത്ര വ്യവസായം മുതല്‍ ദേശസുരക്ഷയുമായും യുദ്ധങ്ങളുമായും ബന്ധപ്പെട്ട ഞെട്ടിക്കുന്ന രഹസ്യ വിവരങ്ങളാണ് വിക്കിലീക്‌സിലൂടെ അസാഞ്ച് പുറത്തുകൊണ്ടുവന്നിരുന്നത്.

 

Latest News