കൊളംബോ- ഇന്ത്യയില്‍ ഭീകരവിരുദ്ധ നടപടികള്‍ നേരിടുന്ന വിവാദ പ്രബോധകന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക ചാനലായ പീസ് ടിവി ശ്രീലങ്കയിലെ രണ്ടു പ്രമുഖ കേബില്‍ ടിവി ഓപറേറ്റര്‍മാര്‍ ചാനല്‍ പട്ടികയില്‍ നിന്നും നീക്കി. 250 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഈ നടപടിയെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഐഎസ് അനുകൂലികളെ ആകര്‍ഷിച്ചെന്നു ചൂണ്ടിക്കാട്ടി നേരത്തെ ഇന്ത്യയും ബംഗ്ലദേശും പീസ് ടിവി വിലക്കിയിരുന്നു. ശ്രീലങ്കയിലെ ഡയലോഗ്, എല്‍എല്‍ടി എന്നീ കേബിള്‍ കമ്പനികളാണ് പീസ് ടിവിയെ ഒഴിവാക്കിയത്. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെന്ന് കൊളംബോ ഗസറ്റ് റിപോർട്ട് ചെയ്യുന്നു. അതേസമയം ഇത് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ നടപടിയല്ല. സര്‍ക്കാര്‍ പിസി ടിവിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല.
2006-ല്‍ മുംബൈ കേന്ദ്രീകരിച്ചാണ് സാക്കിര്‍ നായിക്ക് പീസ് ടിവി തുടങ്ങിയത്. ഇംഗ്ലീഷാണ് ഉള്ളടക്കം. 2009-ല്‍ ഉര്‍ദു ഭാഷയിലും 2011-ല്‍ ബംഗ്ല ഭാഷയിലും ചാനല്‍ തുടങ്ങി. മൂന്ന് ഭാഷകളിലുമുള്ള പരിപാടികള്‍ ദുബായ് കേന്ദ്രീകരിച്ചാണ് ടെലികാസ്റ്റ് ചെയ്യുന്നത്.
പീസ് ടിവി വഴി ഭീകരരില്‍ സ്വാധീനമുണ്ടാക്കി എന്നാരോപിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍ ഭീകരവിരുദ്ധ നടപടികള്‍ ആരംഭിച്ചതോടെ 2016-ലാണ് സാക്കിര്‍ നായിക്ക് ഇന്ത്യ വിട്ടത്. മലേഷ്യന്‍ സര്‍ക്കാര്‍ സ്ഥിരതാമസാനുമതി നല്‍കിയതിനെ തുടര്‍ന്ന് ഇപ്പോള്‍ അവിടെയാണ് കഴിയുന്നത്.