ന്യൂദല്‍ഹി- ജപാനില്‍ പോയി ചെണ്ട കൊട്ടുകയും പാക്കിസ്ഥാനില്‍ പോയി ബിരിയാണി തട്ടുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇന്ത്യയിലെ സാധാരണക്കാരുടെ പ്രശ്‌നത്തെ കുറിച്ച് ധാരണയില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യയിലെ അടിത്തട്ടിലുള്ള ജനങ്ങളുമായുള്ള ബന്ധം മോഡിക്ക് നഷ്ടപ്പെട്ടെന്നും കൂടുതല്‍ സമയം അദ്ദേഹം ചെലവിട്ടത് വിദേശ സന്ദര്‍ശനങ്ങള്‍ക്കായിരുന്നുവെന്നും ഇന്ത്യാ ടുഡേയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക ആരോപിച്ചു. ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ ആഗ്രഹമില്ലാത്ത സര്‍ക്കാര്‍ ്അവരുടെ ശബ്ദം അടിച്ചമര്‍ത്തുകയാണ്. ഇത് ദേശീയവാദി സര്‍ക്കാരല്ല. ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയങ്ങള്‍ തൊഴിലില്ലായ്മയും രൂക്ഷമാകുന്ന കാര്‍ഷിക പ്രതിസന്ധിയുമാണെന്നും അവര്‍ പറഞ്ഞു.
മോഡിയുടെ നയങ്ങള്‍ അടിത്തട്ടിലുള്ള ജനങ്ങളുമായി ബന്ധമില്ലാത്തവയാണ്. അദ്ദേഹത്തിന്റെ കാലുകള്‍ ഇന്ത്യന്‍ മണ്ണിലല്ല. അമേരിക്കയിലേക്കും ജപാനിലേക്കും പോയിട്ട് എന്തുണ്ടായി. ജപാനില്‍ ചെന്ന് ചെണ്ട കൊട്ടി. പാക്കിസ്ഥാനില്‍ പോയി ബിരിയാണി തട്ടി. അദ്ദേഹം പറന്നു കൊണ്ടിരിക്കുകയാണ്- പ്രിയങ്ക പറഞ്ഞു.
മോഡി സര്‍ക്കാര്‍ വന്നാല്‍ എന്തെങ്കിലും ചെയ്യുമെന്ന് പൊതുജനം വിശ്വസിച്ചിരുന്നു. എ്ന്നാല്‍ അധികാരത്തിലെത്തിയതോടെ വാഗ്ദാനങ്ങളെല്ലാം ലംഘിച്ചു. ജനങ്ങളുമായുള്ള ബന്ധം മുറിച്ചു. ജനങ്ങളുടെ പ്രശ്‌നം എന്തെന്ന് അറിയാത്ത തരത്തിലായിരുന്നു നയങ്ങള്‍-പ്രിയങ്ക പറഞ്ഞു.