മെല്‍ബണ്‍- ഭീകര സംഘടനയായ ഐഎസിനു വേണ്ടി ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട കേസില്‍ പിടിയിലായ യുവാവ് കുറ്റക്കാരനെന്ന് ഓസ്‌ട്രേലിയന്‍ കോടതി കണ്ടെത്തി. സഹോദരന്റെ ലഗേജില്‍ ബോംബ് ഒളിപ്പിച്ച് സിഡ്‌നിയില്‍ നിന്ന് അബുദബിയിലേക്ക് പറന്നുയര്‍ന്ന ഇത്തിഹാദ് വിമാനത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട ഖാലിദ് ഖയാത്തിനെയാണ് കോടതി കുറ്റക്കാരനെന്നു വിധിച്ചത്. സഹോദരനായ മഹ്മൂദ് ഖയാത്തും ഈ കേസില്‍ പ്രതിയാണ്. 2017 ജൂലൈയിലാണ് ഇത്തിഹാദ് വിമാനത്തില്‍ ഇരട്ട ഭീകരാക്രമണത്തിന് ഖാലിദ് പദ്ധതിയിട്ടത്. ഇവരുടെ മറ്റൊരു സഹോദരന്റെ ലഗേജിലാണ് രഹസ്യമായി ഇറച്ചി അരിയല്‍ യന്ത്രത്തിനകത്ത് ബോംബ് ഒളിപ്പിച്ചു വച്ചത്. എന്നാല്‍ എയര്‍പോര്‍ട്ടില്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഈ യന്ത്രം പുറത്തെടുക്കുകയായിരുന്നു.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സിഡ്‌നിയില്‍ നിന്ന് ഖാലിദിനേയും മഹ്മൂദിനേയും അറസ്റ്റ് ചെയ്തത്. മഹ്മൂദ് കുറ്റക്കാരനാണോ കോടതി പരിശോധിച്ചു വരികയാണ്. ഖാലിദിന്റെ ശിക്ഷ ജൂലൈ 26-ന് കോടതി വിധിക്കും. പരമാവധി ജീവപര്യന്തം തടവു ശിക്ഷലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സൈനികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന സ്‌ഫോടന വസ്തുക്കള്‍ വിമാന മാര്‍ഗം തുര്‍ക്കിയില്‍ നിന്ന് വിമാന കാര്‍ഗോ വഴി എത്തിച്ചതായിരുന്നെന്നും പോലീസ് കണ്ടെത്തിയിരുന്നു.