ജക്കാര്‍ത്ത- ഇന്തൊനേഷ്യ തലസ്ഥാനം ജക്കാര്‍ത്തയില്‍ നിന്നു മാറ്റാന്‍ തീരുമാനിച്ചു. ജക്കാര്‍ത്ത ലോകത്ത് അതിവേഗം കടലില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന നഗരമായതും ലോകത്തെ ഏറ്റവും മോശം ട്രാഫിക് തിരക്കുള്ള നഗരമെന്ന ദുഷ്‌പേരുമാണു പ്രധാനകാരണങ്ങള്‍. പ്രസിഡന്റ് ജോകോ വിദോദോ ഇതു സംബന്ധിച്ച് ഒരു പ്രധാന തീരുമാനമെടുത്തെന്ന് ആസുത്രണ മന്ത്രി ബംബാങ് ബ്രോദ്‌ജോനെഗോരോ പറഞ്ഞു. പുതിയ തലസ്ഥാനം എവിടെയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ബോര്‍ണിയോ ദ്വീപിലെ പലന്‍കരായ ആകാന്‍ സാധ്യത ഏറെയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് വിദോദോ വീണ്ടും ജയിച്ചെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് തലസ്ഥാനം മാറ്റുമെന്ന തീരുമാനം. ഔദ്യോഗിക തെരഞ്ഞെടുപ്പു ഫലം മേയ് 22-നാണ് പ്രഖ്യാപിക്കുക.
1945-ല്‍ ഡച്ചുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം പലപ്പോഴായി ഉയര്‍ന്നു വന്ന ആവശ്യമാണ് തലസ്ഥാന മാറ്റം. ലോകത്ത് അതിവേഗം കടലില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന നഗരങ്ങളില്‍ ഒന്നായ ജക്കാര്‍ത്തയില്‍ ഒരു കോടിയോളമാണ് ജനസംഖ്യ. ഈ വന്‍നഗരത്തിന്റെ വലിയൊരു ഭാഗം 2050ഓടെ കടലില്‍ മുങ്ങുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പത്തു വര്‍ഷത്തിനിടെ വടക്കന്‍ ജക്കാര്‍ത്ത എട്ട് അടിയോളം കടലില്‍ മുങ്ങിയിട്ടുണ്ട്. ഇപ്പോഴും പ്രതിവര്‍ഷം 1-15 സെന്റി മീറ്റര്‍ തോതില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. നഗരം സ്ഥിതിചെയ്യുന്നത് ചതുപ്പു മേഖലയായ തീരത്താണ്. ഇതിനു പുറമെ നഗരത്തില്‍ തലങ്ങും വിലങ്ങും 13 നദികളും ഒഴുകുന്നു.
ട്രാഫിക്ക് കുരുക്കാണ് സര്‍ക്കാരും പൊതുജനവും ദിനേന നേരിടുന്ന ജക്കാര്‍ത്തയിലെ ഏറ്റവും വലിയ പ്രശനം. 2016-ലെ ഒരു സര്‍വെ പറയുന്നത് ലോകത്തെ ഏറ്റവും മോശം ട്രാഫിക് കുരുക്ക് ജക്കാര്‍ത്തയിലാണെന്നാണ്. മന്ത്രിമാര്‍ക്കും മറ്റു ഉന്നതര്‍ക്കും ഓഫീസിലും മീറ്റിങ്ങുകളിലും സമയത്ത് എത്തിച്ചേരണമെങ്കില്‍ പോലീസിന്റെ വലിയ വാഹന വ്യൂഹം അകമ്പടിയായി വേണം. ഈ ട്രാഫിക്ക് കുരുക്ക് മാത്രം ജക്കാര്‍ത്തയ്ക്ക് ഒരു വര്‍ഷം 504 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നുവെന്ന് ആസൂത്രണ മന്ത്രി പറയുന്നു.