ലഖ്‌നൗ- വരാണസി ലോക്‌സഭ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ മത്സരിക്കാൻ നാമനിർദ്ദേശപത്രിക സമർപ്പിച്ച മുൻ സൈനികൻ തേജ് ബഹാദൂർ യാദവിന്റെ പത്രിക തള്ളി. പി.ടി.ഐയാണ് ഇക്കാര്യം റിപോർട്ട് ചെയ്തത്. നേരത്തെ ഇവിടെ പ്രഖ്യാപിച്ചിരുന്ന ശാലിനി യാദവിനെ മാറ്റിയാണ് മുൻ ബി.എസ്.എഫ് ജവാൻ തേജ് ബഹാദൂർ യാദവിനെ മത്സരിക്കാൻ നിശ്ചയിച്ചത്. ബി.എസ്.എഫിൽ നിന്ന് പുറത്താക്കിയ വിവരം പത്രികയിൽ ഉൾപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തേജ് ബഹാദൂറിന് എസ്.പിയും ബി.എസ്.പിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. പത്രിക തള്ളിയതിനെതിരെ തേജ് ബഹാദൂർ സുപ്രീം കോടതിയെ സമീപിക്കും.
സൈന്യത്തിൽ താൻ നേരിടുന്ന പ്രശ്‌നങ്ങൾ വെളിപ്പെടുത്തിയ ആളാണ് തേജ് ബഹാദൂർ യാദവ് നേരത്തെ വാരണാസിയിൽ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ നീണ്ട ചർച്ചകൾക്കൊടുവിൽ അദ്ദേഹത്തെ മത്സരിപ്പിക്കാൻ സമാജ് വാദി പാർട്ടി തീരുമാനിക്കുകയായിരുന്നു.