അമേത്തി- രാഷ്ട്രീയത്തിലായാലും മാന്യത കൈവിടാതെ പ്രിയങ്ക ഗാന്ധി വീണ്ടും ജനങ്ങളുടെ ഹൃദയം തൊടുന്നു. രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഏറ്റുവിളിക്കാനുള്ള പ്രായം കുട്ടികൾക്കായിട്ടില്ലെന്ന് ഓർമ്മപ്പെടുത്തിയാണ് ഉത്തർപ്രദേശിലെ അമേത്തിയിൽ പ്രിയങ്ക ഗാന്ധി വ്യത്യസ്തയായത്. സമകാലിക രാഷ്്ട്രീയത്തിൽ അധികമൊന്നും കണ്ടുശീലിച്ചിട്ടില്ലാത്ത രീതി സ്വീകരിച്ചതിന് പ്രിയങ്കയെ വാഴ്ത്തുകയാണ് എതിരാളികളടക്കം.
സംഭവം ഇങ്ങിനെയാണ്:
അമേത്തിയിൽ തന്റെ സഹോദരനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു പ്രിയങ്ക. പ്രചാരണത്തിനിടെ തന്റെ ചുറ്റിലും കൂടിയ കുട്ടികൾ ചൗക്കിദാർ ചോർഹെ എന്ന് ഉറക്കെ വിളിക്കാൻ തുടങ്ങി. പ്രധാനമന്ത്രി മോഡി കള്ളനാണ് എന്ന അർത്ഥത്തിൽ രാഹുൽ ഗാന്ധി തുടങ്ങിവെച്ച മുദ്രാവാക്യം രാജ്യം മുഴുവൻ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ മുഴങ്ങിക്കേൾക്കന്നതുമാണ്. എന്നാൽ കുട്ടികൾ ചൗക്കിദാർ ചോർഹെ എന്ന് വിളിക്കാൻ തുടങ്ങിയതോടെ പ്രിയങ്ക അത്ഭുതപ്പെട്ടു. ആദ്യം വാ പൊത്തിപ്പിടിച്ച് അത്ഭുതം പ്രകടിപ്പിച്ച പ്രിയങ്ക തൊട്ടടുത്ത നിമിഷം കുട്ടികളോട് അങ്ങിനെ വിളിക്കേണ്ട എന്ന ഉണർത്തി. യേഹ് വാല നഹി. അച്ഛാ നഹി ലഗേഗ, അച്ഛേ ബച്ചേ ബനേ(ഇങ്ങിനെ പറയേണ്ട, ഇത് നല്ലതല്ല, നമുക്ക് നല്ല കുട്ടികളാകാം). ചൗക്കിദാർ ചോർഹെ എന്ന മുദ്രാവാക്യം വിളി നിർത്തിയ കുട്ടികൾ ഉടൻ രാഹുൽ ഗാന്ധി സിന്ദാബാദ് എന്ന് വിളിക്കാൻ തുടങ്ങി.
അതേസമയം, ചൗക്കിദാർ ചോർഹെ എന്ന് വിളിക്കരുതെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടുവെന്ന് തരത്തിൽ വീഡിയോ പകുതി മുറിച്ച് ബി.ജെ.പി കേന്ദ്രങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. കേന്ദ്രമന്ത്രിയും അമേത്തിയിൽ രാഹുലിന്റെ മുഖ്യഎതിരാളിയുമായ സ്മൃതി ഇറാനിയടക്കം വീഡിയോ ഷെയർ ചെയ്തു.
പ്രിയങ്കയുടെ പ്രതികരണത്തോടെ അവരെ കൂടുതൽ സ്‌നേഹിക്കുന്നുവെന്നായിരുന്നു ആം ആദ്മി നേതാവ് അൽക്ക ലംബയുടെ പ്രതികരണം.