Sorry, you need to enable JavaScript to visit this website.

മോഡി വന്ദേ മാതരം വിളിച്ചപ്പോള്‍ നിതീഷിനു മൗനം; വൈരുധ്യം വെളിപ്പെടുത്തിയ വിഡിയോ വൈറലായി

പട്‌ന- ദിവസങ്ങള്‍ക്കു മുമ്പ് ബിഹാറിലെ ദര്‍ഭംഗയില്‍ നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുഷ്ടി ചുരുട്ടിയുള്ള വന്ദേ മാതരം വിളികളോട് പ്രതികരിക്കാതെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനക്കമില്ലാതെ വേദിയിലിരുന്നത് ചര്‍ച്ചയായി. വേദിയിലുണ്ടായിരുന്ന മറ്റു ബിജെപി സഖ്യകക്ഷി നേതാക്കളും തിങ്ങിനിറഞ്ഞ പ്രവര്‍ത്തകരും മോഡിയുടെ വന്ദേ മാതരം വിളി ആവേശത്തോടെ ഏറ്റുചൊല്ലുമ്പോല്‍ നിതീഷ് അനക്കമില്ലാതെ ഇരുന്നിടത്തു തന്നെ ഇരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഏപ്രില്‍ 25ന് നടന്ന റാലിയിലായിരുന്നു ഇത്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയിലെ വൈരുധ്യം വെളിപ്പെടുത്തുന്ന ദൃശ്യമായി ഇത് ഇതു പ്രതിപക്ഷവും ഏറ്റെടുത്തിരിക്കുകയാണ്. എന്‍ഡിഎ സഖ്യത്തിലെ ഭിന്നത തുറന്നു കാട്ടുന്ന ദൃശ്യമെന്ന പേരില്‍ പ്രതിപക്ഷം ഇതു പ്രചരിപ്പിക്കുന്നുണ്ട്.

പ്രസംഗത്തിന്റെ അവസാനത്തിലാണ് മോഡി വന്ദേ മാതരം വിളിച്ചത്. ആദ്യം സദസ് ഇത് ഏറ്റുപിടിച്ചു. പിന്നീട് സ്റ്റേജിലിരുന്ന നേതാക്കളും ഈ വിളി ഏറ്റെടുത്തു. നിതീഷിനു തൊട്ടടുത്തിരുന്ന മറ്റൊരു സഖ്യകക്ഷി നേതാവായ രാം വിലാസ് പാസ്വാനും കൈ ഉയര്‍ത്തി ഈ വിളിയോടൊപ്പം ചേര്‍ന്നെങ്കിലും നിതീഷ് അനക്കമില്ലാതെ തന്നെ ഇരുന്നു. വേദിയിലെ എല്ലാ നോതാക്കളും എഴുന്നേറ്റു നില്‍ക്കുകയും ചെയ്തു. ഏറ്റവും അവസാനമാണ് നിതീഷ് എഴുന്നേറ്റത്. ഈ രംഗങ്ങളുടെ വിഡിയോ വൈറലായത് ബിഹാറിലെ ഭരണ കക്ഷി നേതാക്കള്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയിരിക്കുകയാണ്. 

വന്ദേ മാതരം വിളി ഒരു ശക്തിയാണ്. രാജ്യത്ത് സമാധാനവും സമൃദ്ധിയും സുരക്ഷയും ഉറപ്പാക്കാന്‍ ഈ മുദ്രാവാക്യം വിളി ഒരു ഉത്തരവാദിത്തമാണ്. എന്നാല്‍ ചിലര്‍ക്ക് ഇത് പ്രശ്‌നമാണ്. അത്തരക്കാരുടെ കെട്ടിവെച്ച കാശ് നഷ്‌പ്പെടുത്തണമെന്നും മോഡി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ദര്‍ഭംഗയിലെ ബിജെപിയുടെ എതിരാളിയായ പ്രതിപക്ഷ സ്ഥാനാര്‍ത്തി അബ്ദുല്‍ ബാരി സിദ്ദീഖി വന്ദേ മാതരം വിളിക്കാന്‍ വിശ്വാസപരമായി തനിക്കു കഴിയില്ലെന്ന് ഒരു ടിവി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിരന്നു ബിജെപി റാലിയിലെ വന്ദേ മാതരം വിളികള്‍.  

Latest News