ന്യൂദല്‍ഹി- പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണം നടത്തുന്ന ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഫലം കാണുന്നു. യുഎന്‍ രക്ഷാ സമിതിയിലെ അംഗരാജ്യങ്ങളെല്ലാം ഈ നീക്കത്തെ പിന്തുണച്ചപ്പോള്‍ ശക്തമായി എതിര്‍ത്ത് നിലപാടെടുത്ത ചൈന അയഞ്ഞതോടെയാണിത്.
യുഎസും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് കൊണ്ടു വന്ന പ്രമേയത്തെ വീറ്റോ അധികാരമുള്ള ചൈന എതിര്‍ക്കുകയായിരുന്നു. ഈ എതിര്‍പ്പ് പിന്‍വലിക്കാന്‍ ചൈന തീരുമാനിച്ചതായാണ് റിപോര്‍ട്ട്. ഇതോടെ യുഎന്‍ രക്ഷാ സമിതിയുടെ 1267 അല്‍ ഖായിദ ഉപരോധ കമ്മിറ്റി അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കും.
കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നില്‍ ജെയ്ഷ് ആയിരുന്നു. ഈ സംഭവത്തോടെയാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിരവധി രാജ്യങ്ങള്‍ മുന്നോട്ടു വന്നത്. എന്നാല്‍ യുഎന്നില്‍ ഈ നീക്കത്തെ ചൈന സാങ്കേതികമായി തടയുകയായിരുന്നു. തുടര്‍ന്ന് ചൈനയ്ക്കു മേലും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായി. ഈ സമ്മര്‍ദ്ദം ശക്തമാക്കാന്‍ ഇന്ത്യ ശ്രമിച്ചുവരികയായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞതോടെയാണ് ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കണ്ടെന്ന സൂചന ലഭിച്ചത്.