വാഷിംഗ്ടണ്‍- മുസ്ലിം ബ്രദര്‍ഹുഡിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീക്കം തുടങ്ങി. ഈജിപ്തിലെ ഏറ്റവും പഴക്കമുള്ള ഇസ്ലാമിസ്റ്റ് സംഘടനക്കുമേല്‍ ഇതോടെ ഉപരോധ നടപടികള്‍ പ്രാബല്യത്തിലാകുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.
ദേശീയ സുരക്ഷാ സംഘവുമായും ബ്രദര്‍ഹുഡിനെ കുറിച്ച് ആശങ്കയുള്ള മേഖലയിലെ നേതാക്കളുമായും പ്രസിഡന്റ് ട്രംപ് കൂടിയാലോചന നടത്തിയെന്നും ഇനി ആഭ്യന്തര നടപടികളാണ് പൂര്‍ത്തിയാകാനുള്ളതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് അറിയിച്ചു.
മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ ഈജിപത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഈജിപ്ത് നേരത്തെ തന്നെ ബ്രദര്‍ഹുഡിനെ നിരോധിച്ചിട്ടുണ്ട്. ഏപ്രില്‍ ഒമ്പതിന് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ട്രംപുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചതെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സീസി നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും അധികാരത്തില്‍ തുടരാന്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ചും റഷ്യന്‍ ആയുധങ്ങള്‍ വാങ്ങാനുള്ള നീക്കത്തെ കുറിച്ചും ഒരു വിഭാഗം യു.എസ് ജനപ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മഹാനായ പ്രസിഡന്റെന്നാണ് കൂടിക്കാഴ്ചക്കുശേഷം ട്രംപ് സീസിയെ വിശേഷിപ്പിച്ചത്.
2013 ല്‍ മുസ്ലിം ബ്രദര്‍ ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയെ പുറത്താക്കി അധികാരം പിടിച്ച സീസി ഇസ്ലാമിസ്റ്റുകള്‍ക്കുപുറമെ, ഈജിപ്തിലെ ലിബറല്‍ പ്രതിപക്ഷത്തേയും അടിച്ചമര്‍ത്തുകയാണെന്ന്് യു.എസ് ജനപ്രതിനിധികള്‍ കുറ്റപ്പെടുത്തുന്നു.
ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള നീക്കം ട്രംപിന്റെ ദേശീയ സുരക്ഷാ സംഘത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ എന്നിവര്‍ തീരുമാനത്തെ പിന്തുണച്ചെങ്കിലും പെന്റഗണിലും മറ്റുമുള്ള ഉദ്യോഗസ്ഥര്‍ നീക്കത്തെ എതിര്‍ക്കുകയും പരിമിത നടപടി മാത്രമേ ആവശ്യമുള്ളൂവെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
പത്ത് ലക്ഷത്തിലേറെ പേര്‍ അംഗങ്ങളായുണ്ടെന്ന് കരുതുന്ന ബ്രദര്‍ഹുഡ് ഈജിപ്തില്‍ ആദ്യമായി സ്വതന്ത്ര തെരഞ്ഞടുപ്പ് നടന്ന 2012 ലാണ് അധികാരത്തിലെത്തിയത്. ദീര്‍ഘകാലം ഏകാധിപത്യ ഭരണം തുടര്‍ന്ന ഹുസ്‌നി മുബാറക്ക് ജനകീയ വിപ്ലവത്തില്‍ പുറന്തള്ളപ്പെട്ട് ഒരു വര്‍ഷത്തിനുശേഷമായിരുന്നു ഇത്. നിരോധിക്കപ്പെട്ട സംഘടനയുടെ ഭൂരിഭാഗം നേതാക്കളും ആയിരക്കണക്കിന് അനുയായികളും ഇപ്പോള്‍ ജയിലിലാണ്.
ട്രംപ് കാറ്റിനോട് പൊരുതാനാണ് ശ്രമിക്കുന്നതെന്ന് തുനീഷ്യയിലും മൊറോക്കോയിലും ഇസ്ലാമിക രാഷ്ട്രീയ കക്ഷികള്‍ വഹിക്കുന്ന സുപ്രധാന പങ്ക് ചൂണ്ടിക്കാട്ടി മുര്‍സി സര്‍ക്കാരില്‍ നിക്ഷേപ മന്ത്രിയായിരുന്ന യഹ്‌യ ഹാമിദ് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ പറഞ്ഞു. മേഖല കൂടുതല്‍ അസ്ഥിരപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2017 ല്‍ ഇക്കാര്യം യു.എസ് വിദേശകാര്യ വകുപ്പ് പരിഗണിച്ചതാണെന്നും അടിസ്ഥാനമില്ലെന്ന് കണ്ട് ഉപേക്ഷിച്ചതാണെന്നും മുന്‍ യു.എസ് വിദേശ കാര്യവകുപ്പ് കോഓര്‍ിഡനേറ്റര്‍ ഡാനിയല്‍ ബെഞ്ചമിന്‍ പറഞ്ഞു. ഭീകരവിരുദ്ധ നടപടികള്‍ ഏകോപിപ്പിച്ചിരുന്ന ഡാനിയല്‍ ഇപ്പോള്‍ ഡാര്‍ട്മൗത്ത് കോളേജില്‍ അധ്യാപകനാണ്. 2020 ല്‍ തെരഞ്ഞെടുപ്പ് നേരിടാനിരിക്കെ ഇസ്ലാം ഭീതിയുടെ അടിത്തറ വികസിപ്പിക്കുക ട്രംപിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
2013 ല്‍ 16 പേര്‍ കൊല്ലപ്പെട്ട പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിനു പിന്നില്‍ ബ്രദര്‍ഹുഡാണെന്ന് ഈജിപ്ത് സര്‍ക്കാര്‍ ആരോപിക്കുന്നുണ്ടെങ്കിലും സ്‌ഫോടനത്തെ അപലിപിച്ച ബ്രദര്‍ഹുഡ് അക്രമ മാര്‍ഗം സ്വീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. 1928 ല്‍ സ്ഥാപിതമായ ബ്രദര്‍ഹുഡ് സമാധാന മാര്‍ഗത്തിലൂടെ ആഗോള ഖിലാഫത്തിനു ശ്രമിക്കുകയാണെന്നും ഭീകരതക്ക് വളംവെക്കുന്നുവെന്നുമാണ് എതിരാളികളുടെ ആരോപണം. അല്‍ഖാഇദക്ക് നേതൃത്വം നല്‍കുന്ന അയ്മന്‍ അല്‍ സവാഹിരി ഒരു കാലത്ത് ബ്രദര്‍ഹുഡ് അംഗമായിരുന്നു.
ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള ട്രംപിന്റെ നീക്കം നാറ്റോ അംഗമായ തുര്‍ക്കിയുമായുള്ള ബന്ധം സങ്കീര്‍ണമാക്കുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടുമായി അടുത്ത ബന്ധമുള്ള ബ്രദര്‍ഹുഡിന്റെ നിരവധി അനുയായികള്‍ തുര്‍ക്കിയിലേക്കാണ് രക്ഷപ്പെട്ടത്.