ലണ്ടന്‍- രണ്ടു സ്ത്രീകളുടെ മൃതദേഹങ്ങള്‍ കിഴക്കന്‍ ലണ്ടനിലെ ഒരു ഫഌറ്റിലെ ഫ്രീസറില്‍ നിന്ന് കണ്ടെത്തി. ലൈംഗിക കുറ്റവാളിയായി പോലീസ് പട്ടികയിലുള്ള ഒരാളുടെ പേരിലാണ് ഈ ഫഌറ്റ്. കാനിങ് ടൗണ്‍ മേഖലയിലെ റെസിഡന്‍ഷ്യല്‍ ബ്ലോക്കില്‍നിന്നാണ് പോലീസ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. മരിച്ച സ്ത്രീകളെ ഇതുവരെ പോലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കാണാതായ സ്ത്രീകളാണോ ഇതെന്നും പോലീസ് സംശയിക്കുന്നു.
മേരി ജെയ്ന്‍ എന്ന 38 കാരിയെ കഴിഞ്ഞ മെയ് മാസം മുതല്‍ കാണാതായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായ മേരി കാനിങ് ടൗണ്‍ മേഖലയിലാണ് ജീവിച്ചിരുന്നത്. എന്നാല്‍, മൃതദേഹം കണ്ടെത്തിയത് സംബന്ധിച്ച് പോലീസ് വിവരമൊന്നും അറിയിച്ചിട്ടില്ലെന്ന് മേരിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മേരി ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങള്‍ ഇപ്പോഴും കഴിയുന്നത്.
മേരിയും ഈ മേഖലയില്‍ താമസിക്കുന്ന ലൈംഗിക കുറ്റവാളിയും തമ്മില്‍ ചങ്ങാത്തമുണ്ടായിരുന്നതായി നാട്ടുകാര്‍ സമ്മതിക്കുന്നുണ്ട്. ഫ്‌ളാറ്റില്‍ പോലീസ് എത്തിയപ്പോള്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നുവെന്നും അവര്‍ പറയുന്നു. ഫ്‌ളാറ്റിലെ താമസക്കാരന്റെ പ്രവര്‍ത്തിയില്‍ സംശയം തോന്നി ഒരാള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ പോലീസെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ സ്ത്രീകളുടെ മരണകാരണം വെളിപ്പെടൂ എന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നയാള്‍ അവിടെ സെക്‌സ് പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നുവെന്ന് അയല്‍ക്കാരിലൊരാള്‍ പറഞ്ഞു. ചിലപ്പോള്‍ വീട്ടില്‍നിന്ന് ഉച്ചത്തിലുള്ള വാഗ്വാദങ്ങളും വഴക്കുകളും കേള്‍ക്കാമായിരുന്നു.