Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് ഹിന്ദുക്കളെ അവഹേളിച്ചു; മോഡിയുടെ പ്രസംഗം ചട്ടലംഘനമല്ലെന്ന് കമ്മീഷന്‍

ന്യൂദല്‍ഹി- പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കേളത്തിലെ വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയതിലൂടെ കോണ്‍ഗ്രസ് ഹിന്ദുക്കളെ അപമാനിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ വാര്‍ധയിലാണ് മോഡി വിവാദ പ്രസംഗം നടത്തിയിരുന്നത്. പ്രധാനമന്ത്രിക്കെതിരെ നല്‍കിയ നിരവധി പരാതികളില്‍ ആദ്യത്തേതാണ് ഇലക്്ഷന്‍ കമ്മീഷന്‍ തള്ളിയിരിക്കുന്നത്.
ഏപ്രില്‍ ഒന്നിന് വാര്‍ധയില്‍ നടത്തിയ പ്രസംഗത്തിലാണ് കോണ്‍ഗ്രസ് ഹിന്ദുക്കളെ അപമാനിക്കുകയാണെന്ന് മോഡി കുറ്റപ്പെടുത്തിയത്.
ഹിന്ദു ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ആ പാര്‍ട്ടിയിലെ നേതാക്കള്‍ ഇപ്പോള്‍ ഭയപ്പെടുകയാണ്. അതുകൊണ്ടാണ് ഭൂരിപക്ഷം ന്യൂനപക്ഷമായ സ്ഥലങ്ങളില്‍ അഭയം തേടാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നത്- പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പരാമര്‍ശം വിഭാഗീയത വളര്‍ത്തുന്നതും വിദ്വേഷപ്രചാരണവുമാണെന്നാണ് കോണ്‍ഗ്രസ് പരാതിപ്പെട്ടത്.
മഹാരാഷ്ട്രയിലെ വാര്‍ധയില്‍ പ്രധാനമന്ത്രി മോഡി നടത്തിയ പ്രസംഗം പരിശോധിച്ചുവെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്ന നിലപാടിലാണ് എത്തിച്ചേര്‍ന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കുമെതിരായ പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനങ്ങുന്നില്ലെന്ന പരാതിയില്‍ സുപ്രീം കോടതി ഇന്നലെ രാവിലെ സുപ്രീം കോടതി ഇലക്്ഷന്‍ കമ്മീഷന് നോട്ടീസയച്ചിരുന്നു. സായുധ സേനകളെ രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിച്ചുവെന്നും വിദ്വേഷ പ്രസംഗം നടത്തിയെന്നുമുള്ള നിരവധി പരാതികളാണ് കമ്മീഷനു മുന്നിലുള്ളത്.
കേസില്‍ അടുത്ത വ്യാഴാഴ്ച വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. മൂന്നാഴ്ചയായിട്ടും കമ്മീഷന്‍ മറുപടി നല്‍കിയില്ലെന്നാണ് കോണ്‍ഗ്രസ് പരാതിപ്പെട്ടിരുന്നത്.
പ്രധാനമന്ത്രിക്കെതിരായ പരാതികള്‍ പരിശോധിക്കുകയാണെന്നും ഇന്ന് നിലപാട് സ്വീകരിക്കുമെന്നും കമ്മീഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിസ്സംഗത പുലര്‍ത്തുകയാണെന്ന പരാതിയില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന വിവിധ നേതാക്കള്‍ക്കെതിരെ കമ്മീഷന്‍ പ്രചാരണ വിലക്കേര്‍പ്പെടുത്തി ശിക്ഷ പ്രഖ്യാപിച്ചിരുന്നു.  
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര മന്ത്രി മേനകാ ഗാന്ധി, ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി, കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിദ്ദു എന്നിവര്‍ക്കാണ് താല്‍ക്കാലിക പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന് ഇന്ന് വീണ്ടും വിലക്കേര്‍പ്പെടുത്തി.
കമ്മീഷന്‍ നിര്‍ദേശം അവഗണിച്ച് കാമ്പയിന്‍ പ്രസംഗങ്ങളില്‍ സായുധ സേനയെ ദുരുപയോഗിച്ചു എന്നതടക്കമുള്ള പരാതികളാണ് പ്രധാനമന്ത്രി മോഡിക്കെതിരെ പരിഗണനയിലുള്ളത്. പുല്‍വാമ, ബാലാക്കോട്ട് വ്യോമാക്രമണം തുടങ്ങിയവ ഒന്നിലേറെ തവണ പ്രധാനമന്ത്രി പ്രസംഗങ്ങളില്‍ വിഷയമാക്കിയിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ വോട്ട്‌ചെയ്യാന്‍ പോയപ്പോള്‍ നടത്തിയ മിനി റോഡ് ഷോയും പ്രസംഗവുമാണ് മറ്റൊരു പരാതി.
സായുധസേനകളെ മോഡിജി ക്കാ സേന എന്നു വിശേഷിപ്പിച്ചതാണ് അമിത് ഷാക്കെതിരായ മുഖ്യപരാതി. ഇതില്‍ പ്രതിഷേധിച്ച് സായുധ സേനാ ഉദ്യോഗസ്ഥര്‍ പ്രതിരോധ മന്ത്രാലയത്തിനു കത്തയച്ചിരുന്നു.

 

Latest News