> ഭാരിച്ച ശമ്പള വാഗ്ദാനം ഇതൊരു തട്ടിപ്പാമെന്ന തെറ്റിദ്ധാരണയ്ക്ക് ഇടയാക്കി
ന്യൂദല്‍ഹി- യുഎഇയിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒഴിവുള്ള 3,000 തസ്തികകളിലേക്ക് ഇന്ത്യന്‍ അധ്യാപകര്‍ക്കായി യുഎഇ തുറന്നിട്ടത് വലിയ അവസരം. ഇന്ത്യയിലെ ശരാശരി വേതനത്തിന്റെ പത്തിരട്ടി ശമ്പളം വാഗ്ദാനം നല്‍കിയാണ് ഇവിടെ നിന്നും അധ്യാപകരെ ആകര്‍ഷിക്കുന്നത്. പ്രതിമാസം 16,000 ദിര്‍ഹം (മൂന്ന് ലക്ഷത്തിലേറെ രൂപ) ആണ് യുഎഇ സര്‍ക്കാര്‍ ഈ അധ്യാപകര്‍ക്ക് നല്‍കുക. ദേശീയ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന്റേയും സ്‌കൂളുകളുടെ വികസനത്തിന്റേയും ഭാഗമായാണ് ഈ റിക്രൂട്ട്‌മെന്റ്. ഇതിനു തൊട്ടു മുന്നോടിയായാണ് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ ശമ്പളം 16,000 ദിര്‍ഹമാക്കി വിദ്യാഭ്യാസ മന്ത്രാലയം ഉയര്‍ത്തിയത്. ഇത്രയും ഭാരിച്ച ശമ്പള വാഗ്ദാനം ഈ റിക്രൂട്ട്‌മെന്റ് തട്ടിപ്പാണെന്ന തെറ്റിദ്ധാരണയ്ക്കും ഇടയാക്കിയെന്ന് ദി നാഷണല്‍ റിപോര്‍ട്ട് ചെയ്യുന്നു. ഈ ശമ്പള തുകയില്‍ താമസ ചെലവ് ഉള്‍പ്പെടില്ലെന്നും എന്നാല്‍ വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, വിസ ചെലവുകള്‍ എന്നിവ സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ദല്‍ഹിയിലും മുംബൈയിലും വച്ച് നടത്തിയ എഴുത്തു പരീക്ഷ, അഭിമുഖം എന്നിവ വഴിയാണ് അധ്യാപകരെ തിരഞ്ഞെടുത്തത്. കഴിഞ്ഞ മാസം മുംബൈയിലെ ഒരു ഹോട്ടലില്‍ നടന്ന പരീക്ഷയ്ക്കായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം പതിനായിരകണക്കിന് അധ്യാപകരാണ് അവസരം തേടിയെത്തിയത്. വിദേശികളടങ്ങുന്ന പാനലാണ് പരീക്ഷയ്ക്കും അഭിമുഖത്തിനും നേതൃത്വം നല്‍കുന്നത്. പുതുതായി നിയമിക്കുന്ന അധ്യാപകരുടെ തൊഴില്‍ കരാര്‍ ജൂലൈ മുതലാണ് നിലവില്‍ വരിക. തിരഞ്ഞെടുത്ത ഇന്ത്യന്‍ അധ്യാപകര്‍ക്ക് രണ്ടു വര്‍ഷത്തെ കരാറാണ് നല്‍കുക. ഇവ നീട്ടാനും കഴിയും.
നികുതി രഹിതമായ വലിയ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കുന്ന യുഎഇ സര്‍ക്കാരിന്റെ ഈ ജോലിക്കായി അധ്യാപകരെ തേടിയപ്പോള്‍ ആളെ കിട്ടാനായിരുന്നില്ല പ്രയാസം. അപേക്ഷകര്‍ക്ക് കൂടുതല്‍ അറിയേണ്ടിയിരുന്നത് ഈ ഓഫറിന്റെ ആധികാരികതയെ കുറിച്ചായിരുന്നുവെന്നും അവരെ പറഞ്ഞ് വിശ്വസിപ്പിക്കലായിരുന്നു വലിയ ജോലിയെന്നും ഈ റിക്രൂട്ട്‌മെന്റിന് നേതൃത്വം നല്‍കുന്ന ബ്രീട്ടീഷ് ഏജന്‍സിയായ വേല്‍ഡ്ടീച്ചേഴ്‌സ് പറയുന്നു. പല ആകര്‍ഷണീയ ഓഫറുകള്‍ നല്‍കി ഏജന്‍സികളുടെ വഞ്ചനയ്ക്ക് പലരും ഇരയാകാറുണ്ട് എന്നതാണ് കാരണം. അഭിമുഖത്തിലുടെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെ രേഖകള്‍ ശേഖരിക്കുന്ന ഘട്ടത്തിലാണിപ്പോള്‍. തെരഞ്ഞെടുക്കപ്പെട്ടവര്‍ മികവുറ്റവരാണ്. വിഷയത്തിലുള്ള അറിവിനു പുറമെ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ അറിയുന്നവരുമാണ്. വളരെ കടുത്ത തെരഞ്ഞെടുപ്പു രീതികളാണ് അവലംബിച്ചതെന്നും ഏജന്‍സി പറയുന്നു.
സ്വകാര്യ സ്‌കൂളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ താഴ്ന്ന നിലവാരത്തിലുള്ളു സര്‍ക്കാര്‍ സ്‌കൂളുകളെ മെച്ചപ്പെടുത്തി മികച്ച സ്‌കൂളുകളാക്കി മാറ്റുന്ന യുഎഇയുടെ പുതിയ പദ്ധതി പ്രകാരമാണ് ഈ വന്‍ അധ്യാപക റിക്രൂട്ട്‌മെന്റ്. സ്വാകാര്യ സ്ഥാപനങ്ങളിലേതിനേക്കാള്‍ കുറഞ്ഞ ശമ്പളമാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നല്‍കി വന്നിരുന്നത്. ഇതും മാറുകയാണ്.