ന്യൂദല്‍ഹി- പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം മേയ് 13 നും 17നുമിടയില്‍ പ്രസിദ്ധീകരിക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സിബിഎസ്ഇ) അറിയിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ മേയ് മൂന്നാം വാരം തന്നെ പ്രസിദ്ധീകരിക്കുമെന്നും ഇനി തീയതി മാത്രം തീരുമാനിച്ചാല്‍ മതിയെന്നും പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് പറഞ്ഞു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയം മുഴുവനായും പൂര്‍ത്തിയായിക്കഴിഞ്ഞു. മേയ് ആദ്യവാരം പത്താം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാകുമെന്നും ഭരദ്വാജ് പറഞ്ഞു. പരീക്ഷ ഫലം ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവയുമായി ബന്ധപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഈ ആഴ്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം പന്ത്രണ്ടാം ക്ലാസിലെ പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നും തുടര്‍ന്നായിരിക്കും പത്താംക്ലാസ് പരീക്ഷയുടെ ഫലമെന്നും സിബിഎസ്ഇ ചെയര്‍മാന്‍ അനിത കര്‍വാളും പറഞ്ഞു.
സിബിഎസ്ഇ മൂല്യനിര്‍ണയത്തെക്കുറിച്ചോ പരീക്ഷ ഫലം എന്നു പ്രഖ്യാപിക്കുമെന്നത് സംബന്ധിച്ചോ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് തൊട്ടു തലേ ദിവസം മാത്രം മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. പ്രഖ്യാപനത്തിന് ശേഷം സിബിഎസ്ഇ ഔദ്യോഗിക വെബ്‌സൈറ്റായ cbse.nic.in, cbseresults.nic.in എന്നിവയില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാഫലം അറിയാം.