Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിഖാബ് നിരോധം; എതിര്‍ത്തും അനുകൂലിച്ചും ശ്രീലങ്കന്‍ വനിതകള്‍

കൊളംബോ- ചാവേര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ സ്ത്രീകളുടെ മുഖം കൂടി മറയ്ക്കുന്ന തരത്തിലുള്ള നിഖാബിനും ബുര്‍ഖക്കും നിരോധം ഏര്‍പ്പെടുത്തിയ ശ്രീലങ്കന്‍ സര്‍ക്കാര്‍ നടപടിയില്‍ സമ്മിശ്ര പ്രതികരണം. ഈസ്റ്റര്‍ ദിനത്തില്‍ ചര്‍ച്ചുകളിലും ഹോട്ടലുകളിലും നടന്ന ചാവേര്‍ ആക്രമണങ്ങളുടെ അന്വേഷണത്തിനിടയിലാണ് സര്‍ക്കാര്‍ നിഖാബ് നിരോധിച്ചത്. കഴിഞ്ഞ തിങ്കള്‍ നിരോധം പ്രാബല്യത്തില്‍ വന്നു.
സ്വതന്ത്രമായ മതം ആചരിക്കുന്നതിനുള്ള മുസ്ലിം വനിതികളുടെ അവകാശം ഹനിക്കുന്നതാണ് നടപടിയെന്ന് നിരോധത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.
ദേശസുരക്ഷ ഉറപ്പാക്കാനാണ് നിരോധമെന്നും തിരിച്ചറിയന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം ആരും തങ്ങളുടെ മുഖം മറയ്ക്കരുതെന്നുമാണ് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന നിരോധം പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞത്. സുരക്ഷാ നടപടികളുടെ ഭാഗമായുള്ള നീക്കത്തെ ഇസ് ലാമിക പണ്ഡിതന്മാരുടെ സംഘടനയായ ആള്‍ സിലോണ്‍ ജംഇയ്യത്തുല്‍ ഉലമ (എസിജെയു) പിന്തണച്ചിരുന്നു.
മുഖം മറക്കുന്ന നിഖാബ് ധരിക്കണമോ എന്ന കാര്യത്തില്‍ ഇസ് ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കിലും 16 വര്‍ഷമായി ഇത് ധരിക്കുന്ന തന്നോട് ഇപ്പോള്‍ ഉപേക്ഷിക്കാന്‍ പറയുന്നത് തന്നെ ഇല്ലാതാക്കുന്നതിനു തുല്യമാണെന്ന് 33 കാരി ഖാനിത റസീക്ക് പറഞ്ഞു.

നിരാലംബരെ മതവും വംശവുമൊന്നും നോക്കാതെ സംരക്ഷിക്കുന്ന സൂപ്പ് കിച്ചണ്‍ ശ്രീലങ്കയുട സഹ സ്ഥാപകയാണ് ഖാനിത. നിഖാബ് ധരിക്കാന്‍ 16 വര്‍ഷം മുമ്പ് താന്‍ സ്വയം തീരുമാനിച്ചതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുസ്ലിം സമൂഹത്തിലെ ഭൂരിഭാഗവും നിരോധത്തെ ചോദ്യം ചെയ്യുന്നില്ലെന്നും അവര്‍ക്ക് സന്തോഷമേയുള്ളൂവെന്നും ഭരണകക്ഷിയായ യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി എം.പി ഹര്‍ഷാന രാജകരുണ അവകാശപ്പെട്ടു.

ഈ സന്ദര്‍ഭത്തിലുള്ള നിരോധത്തെ ചോദ്യം ചെയ്യാനാവില്ലെന്നും എന്നാല്‍ അത് സ്ഥിരം നിയമമുണ്ടാക്കാന്‍ ഉപയോഗപ്പെടത്തുമോ എന്നതാണ് പ്രശ്‌നമെന്നും നിഖാബ് ധരിക്കുന്ന മറ്റൊരു മുസ്ലിം സാമൂഹിക പ്രവര്‍ത്തക പറഞ്ഞു.
ബുര്‍ഖ നിരോധം സ്വാഗതാര്‍ഹമാണെന്നും ശ്രീലങ്കന്‍ സമൂഹം കൂടുതല്‍ മതേതരമാകുന്നതിന്റെ തുടക്കമാണിതെന്നുമാണ് യൂനിവേഴ്‌സിറ്റി ഓഫ് പെരഡേനിയയിലെ നിയമ വിഭാഗം സീനിയര്‍ ലക്ചറര്‍ കലാന സെനാരത്‌നെ അഭിപ്രായപ്പെട്ടത്. എന്നാല്‍ നിരോധം വിദ്വേഷത്തില്‍നിന്ന് ഉടലെടുത്തതാണെങ്കില്‍ അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രത്യാഘാതമുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. നിഖാബ് നിരോധിച്ചതു കൊണ്ടുമാത്രം സുരക്ഷ ശക്തിപ്പെടുത്താനാകില്ല. ശ്രീലങ്കന്‍ സമൂഹത്തിന്റെ മതേതരവല്‍ക്കരണത്തെ കുറിച്ച് ഭൂരിപക്ഷ സിംഹള ബുദ്ധിസ്റ്റ് പാര്‍ട്ടികളും ആലോചിക്കണമെന്നും ബഹുസ്വര സമൂഹത്തിന്റെ സൃഷ്ടിക്ക് ക്രിയാത്മക മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിരോധം ബാധിക്കുന്ന സമുദായവുമായി ആലോചിക്കാതെ നടപ്പിലാക്കിയ നിഖാബ് നിരോധം ഭരണകൂടത്തിന്റെ പ്രതികരണമായേ വിലയിരുത്തപ്പെടുകയുള്ളൂവെന്ന്  വനിതാ പ്രവര്‍ത്തക തെഹാനി അരിയരത്‌നെ പറഞ്ഞു.
കഴിഞ്ഞയാഴ്ച നടന്ന സംഭവങ്ങളില്‍ പ്രകടമായ സുരക്ഷാ വീഴ്ചയും ഉത്തരവാദിത്തമില്ലായ്മയും മറികടക്കാനുള്ള ഭരണകൂടത്തിന്റെ തന്ത്രമായി അത് മനസ്സിലാക്കപ്പെടുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News