അമേത്തി- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ യു.പിയിലെ വരാണസി സീറ്റില്‍ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.
വരാണസിയില്‍ മത്സരിക്കാന്‍ പ്രിയങ്ക താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ഒഴിവാകുകയായിരുന്നു.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടേയും യു.പിയിലെ സഹപ്രവര്‍ത്തകരുടേയും ഉപദേശങ്ങള്‍ കണക്കിലെടുത്താണ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് പ്രിയങ്ക പറയുന്നു.
ഞാന്‍ ഇന്‍ ചാര്‍ജാണെന്നും 41 സീറ്റുകള്‍ നോക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നുമാണ് നേതാക്കള്‍ ഉപദേശിച്ചത്. ഒരു സ്ഥലത്തുമാത്രം ഞാന്‍ കേന്ദ്രീകരിച്ചാല്‍ സ്ഥാനാര്‍ഥികള്‍ നിരാശരാകുമെന്നു ഞാനും കരുതി- പ്രിയങ്ക പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേത്തിയില്‍ പ്രചാരണത്തിനെത്തിയ പ്രിയങ്ക വാര്‍ത്താലേഖകരോട് സംസാരിക്കുകയയായിരുന്നു.
മത്സരിക്കുന്നെങ്കില്‍ അത് പ്രിയങ്കയുടെ സ്വന്തം തീരുമാനമായിരിക്കുമെന്നാണ് നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നത്. പാര്‍ട്ടി ഹൈക്കമാന്‍ഡ് അനുമതി നല്‍കിയാല്‍ വരാണസിയില്‍ മോഡിക്കെതിരെ ഒരു കൈ നോക്കുമെന്ന് പ്രിയങ്കയും വ്യക്തമാക്കിയിരുന്നു.