ന്യൂദല്‍ഹി- റഫാല്‍ കരാര്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ഉത്തരവില്‍ പരാമര്‍ശിക്കാത്ത കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പറഞ്ഞതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പു പറഞ്ഞു. കോടതി ആവശ്യപ്പെട്ടതിനെതുടര്‍ന്ന് രണ്ടാമതും സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ആവര്‍ത്തിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ ക്ഷമാപണം എന്ന വാക്കില്ലാത്തത് കോടതി അംഗീകരിച്ചില്ല. എന്താണ് സത്യവാങ്മൂലത്തില്‍ പറയുന്നതെന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. തുടര്‍ന്ന് ക്ഷമാപണം വ്യക്തമാക്കുന്ന പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് രാഹുലിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി കോടതിയെ അറിയിക്കുകയായിരുന്നു. ക്ഷമാപണം എന്ന് വാക്ക് വിട്ടുപോയത് അബദ്ധമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തു വന്ന സര്‍ക്കാര്‍ രേഖകള്‍ റഫാല്‍ ഉത്തരവ് പുനപ്പരിശോധിക്കുന്നതിന് തെളിവുകളാക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി റഫാല്‍ ഇടപാടില്‍ അഴിമതി നടത്തിയെന്ന് കോടതി പറഞ്ഞെന്ന തരത്തില്‍ രാഹുല്‍ പ്രസ്താവന നടത്തിയത്.