ന്യൂദല്‍ഹി- ബംഗാളിലെ 40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ താനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ ബിജെപിയില്‍ ചേരുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസതാവനയെ ചൊല്ലി വിവാദവും പ്രതിഷേധവും. വിവാദ പ്രസ്താവന നടത്തിയ മോഡി ചട്ടലംഘനം നടത്തിയെന്നും വരാണസിയില്‍ മത്സരിക്കുന്ന അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രിക റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തൃണമൂല്‍ കമ്മീഷന് പരാതി നല്‍കി. നിയമവിരുദ്ധവും അനുചിതവും അടിസ്ഥാന രഹിതവുമായ പ്രചാരണവും പ്രസ്താവനയും നടത്തിയതിന് മോഡിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ തൃണമൂല്‍ ആവശ്യപ്പെടുന്നു. തൃണമൂല്‍ പാര്‍ട്ടി എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന തോന്നല്‍ വോട്ടര്‍മാര്‍ക്കിടയിലുണ്ടാക്കി അവരെ സ്വാധീക്കാനാണ് മോഡി ശ്രമിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മേയ് 23-ന് ഫലം വരുമ്പോള്‍ എല്ലായിടത്തും താമര വിരിയുമെന്നും ദീദിയുടെ എംഎല്‍എമാര്‍ പാര്‍ട്ടി ഉപേക്ഷിച്ച് ഓടുമെന്നുമായിരുന്നു മോഡിയുടെ പ്രസ്താവന.
തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനം നടത്തിയതിന് മോഡിക്കെതിരെ നിരവധി പരാതികളാണ് കമ്മീഷനു മുമ്പിലുള്ളത്. ഇതിലൊന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. നടപടി എടുക്കാന്‍ കമ്മീഷനോട് ഉത്തരവിടണമെന്ന് ആവശ്യപ്പെടുന്ന ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലുമുണ്ട്.
കഴിഞ്ഞ ദിവസം ബംഗാളിലെ സെറാംപോറില്‍ ഒരു തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെയാണ് മോഡി 40 തൃണമൂല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് തന്നോടൊപ്പം ചേരുമെന്ന് പരസ്യമായി പറഞ്ഞത്. എതിര്‍പാര്‍ട്ടിയിലെ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കുന്ന കുതിരക്കച്ചവടത്തിനാണ് മോഡിയുടെ ശ്രമമെന്ന് ആരോപിച്ച് തൃണമൂല്‍ നേതാവ് ഡെരക് ഓബ്രെയ്ന്‍ രംഗത്തു വന്നിരുന്നു. പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ രാഷ്ട്രീയ ധാര്‍മികതയില്ലാത്ത പ്രസ്താവന നടത്താന്‍ പാടില്ലെന്നും വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.