ന്യൂദല്‍ഹി- മുന്‍നിര വ്യവസായിയും വാഡിയ ഗ്രൂപ്പ് മേധാവിയുമായി നുസ്ലി വാഡിയയുടെ മകന്‍ നെസ് വാഡി കഞ്ചാവ് കൈവശം വച്ച കേസില്‍ ജപാനില്‍ രണ്ടു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടതായി റിപോര്‍ട്ട്. വിനോദ യാത്രയ്ക്കായി ജപാനിലേക്കു പോയ നെസ് വാഡിയയെ കഴിഞ്ഞ മാര്‍ച്ചിലാണ് ഹൊക്കായിഡോവിലെ ന്യൂ ചിതോസ് വിമാനത്താവളത്തില്‍ കഞ്ചാവുമായി പിടികൂടിയത്. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ പോലീസ് നായയാണ് നെസ് വാഡിയുടെ പക്കലുള്ള കഞ്ചാവ് മണത്തു പിടിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ നടത്തിയ വിശദ പരിശോധനയില്‍ വാഡിയയുടെ പക്കല്‍ നിന്നും 25 ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. ഇത് വ്യക്തിപരമായ ഉപയോഗത്തിനുള്ളതായിരുന്നെന്ന് അദ്ദേഹം സപ്പോറോ കോടതിയില്‍ സമ്മതിച്ചതായും ഫിനാന്‍ഷ്യല്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. സപ്പോറോ ഡിസ്ട്രിക് കോടതിയാണ് ഈ കേസില്‍ നെസ് വാഡിയയെ രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചത്. ഈ ശിക്ഷ അഞ്ചു വര്‍ഷത്തേക്ക് തടഞ്ഞിരിക്കുകയാണ്.
238 വര്‍ഷത്തെ സമ്പന്ന പാരമ്പര്യമുള്ള ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ വാഡിയ ഗ്രൂപ്പിന്റെ അനന്തരവാകാശിയാണ് നെസ് വാഡിയ. പ്രശസ്ത ബ്രാന്‍ഡുകളായ ടെക്‌സ്റ്റൈല്‍ കമ്പനി ബോംബെ ഡയിങ്, ബിസ്‌ക്കറ്റ് ഭീമന്‍ ബ്രിട്ടാനിയ, ബജറ്റ് വിമാന കമ്പനി ഗോ എയര്‍, ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബ് തുടങ്ങി നിരവധി സംരഭങ്ങള്‍ ഈ ഗ്രൂപ്പിന്റെ ഭാഗമാണ്.