Sorry, you need to enable JavaScript to visit this website.

ബഗ്ദാദി എന്തുകൊണ്ട് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടു: ശ്രീലങ്കയെ കുറിച്ച് ഒന്നും പറഞ്ഞില്ല- video

ദമസ്‌കസ്- വിഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദി ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണങ്ങളെ കുറിച്ച് സംസാരിച്ചില്ലെങ്കിലും വിഡിയോയില്‍ എഴുതിക്കാണിച്ചു.
അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ്  ഐ.എസിന്റെ സ്ഥാപകന്‍ പ്രചാരണ വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിറിയന്‍ പട്ടണമായ ബഗൂസില്‍ ഐ.എസ് നേരിട്ട പരാജയം വിഡിയോയില്‍ ഇയാള്‍ സമ്മതിക്കുന്നു.
2014 മധ്യത്തില്‍ ഖിലാഫത്ത് നിലവില്‍വന്നതായി പ്രഖ്യാപിച്ചപ്പോള്‍ കണ്ട രൂപത്തില്‍നിന്നും ബഗ്ദാദിക്ക് വണ്ണം കൂടിയിട്ടുണ്ട്. ക്രൈസ്തവരുടെ പൈശാചികത കാരണമാണ് ഖിലാഫത്ത് പരാജയപ്പെട്ടതെന്ന് ബഗ്ദാദി സമ്മതിക്കുന്നു.
കലാഷ്‌നിക്കോവ് തോക്കിനു സമീപം ചമ്രംപടിഞ്ഞിരിക്കന്ന ഐ.എസ് നേതാവ് 40 സെക്കന്റ് മാത്രമേ വിഡിയോയിലുള്ളൂ. കുരിശിന്റെ ആളുകള്‍ക്കെതിരായ ഇസ്്‌ലാമിന്റെ യുദ്ധം നീണ്ടതാണെന്നും ബഗൂസിനുവേണ്ടിയുള്ള യുദ്ധം അവസാനിച്ചിവെന്നും ബഗ്ദാദി പറഞ്ഞു. മുസ്ലിം സമൂഹത്തിനെതിരായ ക്രൈസ്തവരുടെ ക്രൂരതയും പൈശാചികതയുമാണ് അവിടെ കണ്ടതെന്നും ബഗ്ദാദി കുറ്റപ്പെടുത്തി.

ഐ.എസ് ഭൂപ്രദേശങ്ങള്‍ നഷ്ടപ്പെട്ടകാര്യം സമ്മതിക്കുന്നതിനു പുറമെ, ബഗ്ദാദി ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കുകയാണ് ഇപ്പോള്‍ വിഡിയോ പുറത്തുവിട്ടതിന്റെ ലക്ഷ്യമെന്ന് നിരീക്ഷകര്‍ കരുതുന്നു. പോയ വര്‍ഷങ്ങളില്‍ നിരവധി ഓഡിയോ പ്രഭാഷണങ്ങള്‍ ബഗ്ദാദിയുടേതായി പുറത്തുവന്നിരുന്നെങ്കിലും അഞ്ച് വര്‍ഷത്തിനുശേഷമാണ് വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു അവസാനത്തെ ഓഡിയോ സന്ദേശം.

പരസ്യമായി രംഗത്തുവരാത്തതിനാല്‍ മുറിവേറ്റ ബഗ്ദാദി കൊല്ലപ്പെട്ടുവെന്നാണ് പൊതുവെ കരുതിയിരുന്നത്.  സിറിയന്‍ മരുഭൂമിയിലേക്ക് രക്ഷപ്പെട്ട ഐ.എസുകാരെ അവിടെനിന്നും തുരത്തി രണ്ടാഴ്ച പിന്നിട്ട ശേഷമാണ് നേതാവിന്റെ വിഡിയോ പുറത്തുവന്നിരിക്കുന്നത്.

253 പേര്‍ കൊല്ലപ്പെട്ട ശ്രീലങ്ക ചാവേര്‍ ആക്രമണങ്ങളെ കുറിച്ച് ബഗ്ദാദി ഒന്നും പറഞ്ഞില്ല. ശ്രീലങ്കിയല്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ചര്‍ച്ചുകളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലും നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തെങ്കിലും ഗ്രൂപ്പ് നേരിട്ടാണോ ഇതിനു പദ്ധതി തയറാക്കിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഐ.എസില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടവര്‍ ചെയ്തുവെന്നാണ് പൊതുവെ കരുതുന്നത്.

അമേരിക്കക്കാരുംയ യുറോപ്പുകാരും പരാജയപ്പെട്ടുവെന്നും ഖിലാഫത്തിനോട് കൂറു പ്രഖ്യാപിച്ച ശ്രീലങ്കയിലെ സഹോദരന്മാരെ അഭിനന്ദിക്കുന്നുവെന്നുമാണ് വിഡിയോയില്‍ കാണിച്ച സന്ദേശം.
കുര്‍ദുകളുടെ നേതൃത്വത്തില്‍ കരയിലും അമേരിക്കയുടെ നേതൃത്വത്തില്‍ ആകാശത്തുനിന്നും ആക്രമണം ശക്തമാക്കിയതോടെ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഐ.എസിലുള്ള പിടിത്തം ബഗ്ദാദിക്ക് നഷ്ടപ്പെട്ടുവെന്നാണ് മേഖലയിലേയും പാശ്ചാത്യ നാടുകളിലേയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നത്.

 

Latest News