റിയാദ് - സിഗരറ്റ് അടക്കമുള്ള പുകയില ഉൽപന്നങ്ങളുടെ ഇറക്കുമതിയിൽ കഴിഞ്ഞ വർഷം 43 ശതമാനം കുറവ് രേഖപ്പെടുത്തി.
2018 ൽ ആകെ 178 കോടി റിയാലിന്റെ പുകയില ഉൽപന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. 2017 ൽ 313 കോടി റിയാലിന്റെ പുകയില ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. കഴിഞ്ഞ വർഷം വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത പുകയില ഉൽപന്നങ്ങളിൽ 134 കോടി റിയാലിന്റെ കുറവാണുണ്ടായത്.
ഈ വർഷം ആദ്യ പാദത്തിൽ വിദേശങ്ങളിൽ നിന്ന് 50 കോടിയോളം റിയാലിന്റെ പുകയില ഉൽപന്നങ്ങളാണ് ഇറക്കുമതി ചെയ്തതെന്ന് സൗദി കസ്റ്റംസ് പറഞ്ഞു.
ആകെ 8,720 ടൺ പുകയില ഉൽപന്നങ്ങളാണ് മൂന്നു മാസത്തിനിടെ ഇറക്കുമതി ചെയ്തത്. സെലക്ടീവ് ടാക്‌സ് ബാധകമാക്കിയതാണ് കഴിഞ്ഞ വർഷം പുകയില ഉൽപന്നങ്ങളുടെ ഇറക്കുമതി പകുതിയോളം കണ്ട് കുറയുന്നതിന് ഇടയാക്കിയത്. പുകയില ഉൽപന്നങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും 100 ശതമാനവും ശീതളപാനീയങ്ങൾക്ക് 50 ശതമാനവും സെലക്ടീവ് ടാക്‌സ് ആണ് ബാധകമാക്കിയിരിക്കുന്നത്.