റിയാദ് - നിയമ ലംഘനങ്ങൾക്ക് വൻകിട റിക്രൂട്ട്‌മെന്റ് കമ്പനിയുടെയും നാലു റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെയും ലൈസൻസുകൾ റദ്ദാക്കിയതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങൾ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് റിക്രൂട്ട്‌മെന്റ് കമ്പനിയുടെയും നാലു ഓഫീസുകളുടെയും ലൈസൻസുകൾ റദ്ദാക്കിയത്. ഒരു റിക്രൂട്ട്‌മെന്റ് ഓഫീസിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ നിർത്തിവെച്ചിട്ടുണ്ട്.
ഈ സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ഉപയോക്താക്കളുമായി ഒപ്പുവെച്ച കരാർ പ്രകാരമുള്ള ബാധ്യതകൾ പൂർത്തിയാക്കാൻ സാധിക്കാത്തപക്ഷം ഉപയോക്താക്കളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി ഈ സ്ഥാപനത്തിന്റെ ബാങ്ക് ഗ്യാരണ്ടി പിൻവലിച്ചു.
രണ്ടു വർഷത്തിനിടെ 31 റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെയും ഒരു റിക്രൂട്ട്‌മെന്റ് കമ്പനിയുടെയും ലൈസൻസുകൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം റദ്ദാക്കിയിരുന്നു. പതിനാലു റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ബാങ്ക് ഗ്യാരണ്ടികൾ പിൻവലിക്കുകയും ചെയ്തു. നിയമ വിരുദ്ധമായി റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രവർത്തിക്കാൻ മറ്റുള്ളവർക്ക് കൂട്ടുനിൽക്കൽ, ഉപയോക്താക്കളുമായി ഒപ്പുവെച്ച കരാർ പ്രകാരമുള്ള ബാധ്യതകൾ പാലിക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾക്കാണ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചത്. ഇതിന്റെ തുടർച്ചയെന്നോണമാണ് പുതുതായി ഒരു റിക്രൂട്ട്‌മെന്റ് കമ്പനിയുടെയും നാലു റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെയും ലൈസൻസുകൾ റദ്ദാക്കുകയും ഒരു റിക്രൂട്ട്‌മെന്റ് ഓഫീസിനുള്ള സേവനങ്ങൾ നിർത്തിവെക്കുകയും ചെയ്തതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.
നിയമ, വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തി പിഴകൾ ചുമത്തുന്നതിനും റിക്രൂട്ട്‌മെന്റ് കമ്പനികളിലും ഓഫീസുകളിലും ഫീൽഡ് പരിശോധനകൾ തുടരും. റിക്രൂട്ട്‌മെന്റ് കമ്പനികളുടെയും ഓഫീസുകളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങളെയും റിക്രൂട്ട്‌മെന്റിന് നേരിടുന്ന പ്രശ്‌നങ്ങളെയും കുറിച്ച് 19911 എന്ന നമ്പറിൽ ബന്ധപ്പെട്ടോ ലേബർ ഓഫീസ് ശാഖകളെ സമീപിച്ചോ പരാതികൾ നൽകണമെന്ന് ഉപയോക്താക്കളോട് ഖാലിദ് അബൽഖൈൽ ആവശ്യപ്പെട്ടു. റിക്രൂട്ട്‌മെന്റ് ഓഫീസുകളും കമ്പനികളും നിയമ, വ്യവസ്ഥകൾ പാലിക്കണം. ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് കമ്പനികളുമായും ഓഫീസുകളുമായും മാത്രം ഇടപാടുകൾ നടത്തണമെന്ന് ഉപയോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പോർട്ടലിൽ അംഗീകൃത റിക്രൂട്ട്‌മെന്റ് കമ്പനികളുടെയും ഓഫീസുകളുടെയും പേരുവിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.