Sorry, you need to enable JavaScript to visit this website.

രാജസ്ഥാനില്‍ ഉദ്യോഗസ്ഥര്‍ മുസ്ലിം മധ്യവയസ്‌കനെ അടിച്ചു കൊന്നു

ആശുപത്രി മോർച്ചറിക്ക് മുന്നില്‍ ജനങ്ങളുടെ പ്രതിഷേധം

ജയ് പൂര്‍- രാജസ്ഥാനിലെ പ്രതാപ് ഗഢില്‍ ഒരു കൂട്ടം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തകനായ മുസ്ലിം മധ്യവയസ്‌കനെ അടിച്ചു കൊന്നു. പൊതു സ്ഥലത്ത് സ്ത്രീകള്‍ മലവിസർജനം നടത്തുന്നത് ഉദ്യോഗസ്ഥര്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതു തടഞ്ഞ 55-കാരന്‍ സഫര്‍ ഖാനെയാണ് കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ച് മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അടിച്ചു ചവിട്ടിയും ക്രൂരമായി കൊലപ്പെടുത്തിയത്. 

ചേരി പ്രദേശത്ത് പരസ്യമായി മലവിസർജനം നടത്തുന്നവരുടെ ഫോട്ടോ എടുക്കാന്‍ രാവിലെ ഇറങ്ങിത്തിരിച്ചതായിരുന്ന മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍. ഇതു തടഞ്ഞതാണ് സഫറിനെ ആക്രമിക്കാന്‍ കാരണമായതെന്ന് പ്രദേശ വാസികള്‍ പറയുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. സഫര്‍ ഖാന്‍റെ മൃതദേഹം സൂക്ഷിച്ച ആശുപത്രിക്കു മുമ്പില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പ്രദേശവാസികള്‍ പ്രതിഷേധവുമായി കുത്തിയിരിപ്പു നടത്തി.  

അബ്ദുല്ല രാജാവിനെ വധിക്കാൻ ഖത്തർ ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തൽ

എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധം

സഫറിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജനങ്ങള്‍ മണിക്കൂറുകളോളം ഹൈവേ തടഞ്ഞു. കൊലപാതകം വര്‍ഗീയത പരത്താന്‍ ലക്ഷ്യം വച്ചുള്ളതായിരുന്നെന്ന ആരോപണവുമായി മുസ് ലിം നേതാക്കള്‍ രംഗത്തെത്തി. മുനിസിപ്പല്‍ കൗണ്‍സില്‍ കമ്മീഷണറെ അറസ്റ്റ് ചെയ്യണമെന്നും സഫറിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സഫറിന്‍റെ കുടുംബാംഗങ്ങള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ വൈകുന്നേരം മൂന്ന് മണി വരെ മൃതദേഹം ഖബറടക്കാതെ പ്രതിഷേധിച്ചു.

അതേസയമം സഫര്‍ എങ്ങനെയാണ് മരിച്ചതെന്ന് തനിക്കറിയില്ലെന്നും താന്‍ അവിടം വിടുമ്പോള്‍ പൂര്‍ണാരോഗ്യത്തോടെ അദ്ദേഹം അവിടെ ഉണ്ടായിരുന്നെന്നും കുറ്റാരോപിതനായ പ്രതാപ്ഗഢ് മുനിസിപ്പല്‍ കൗണ്‍സില്‍ കമ്മീഷണര്‍ അശോക് ജെയ്ന്‍ പ്രതികരിച്ചു. തുറസ്സായ ഇടങ്ങളില്‍ മലവിസര്‍ജ്ജനം നടത്തുന്നതിന്‍റെ ദോഷങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്താനാണ് ഞങ്ങള്‍ അവിടെ ചെന്നത്. ഈ സമയം ഇവിടെ എത്തിയ സഫര്‍ ഖാന്‍ ഞങ്ങളോട് മോശമായി സംസാരിക്കുകയും ഒരു ശുചീകരണ തൊഴിലാളിയെ കയ്യേറ്റം ചെയ്യുകയും ചെയ്തു. അതിനു ശേഷം ആരോഗ്യത്തോടെ തന്നെയാണ് അദ്ദേഹം തിരിച്ചു പോയത്- ജെയ്ന്‍ പറയുന്നു.

മതിയായ ടോയ്‌ലെറ്റുകളില്ലാത്തതിനാല്‍ തുറസ്സായ സ്ഥലങ്ങളില്‍ വെളിക്കിരിക്കുന്നവരുടെ പേരുവിവരം പരസ്യപ്പെടുത്തി അവരെ നാണക്കേടിലാക്കുന്ന രീതി കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വച്ഛ ഭാരത മിഷന്‍റെ ഭാഗമായി നടപ്പിലാക്കിയത്. ഇതിന്‍റെ ഭാഗമായാണ് പ്രതാപ്ഗഢിലെ ഉദ്യോഗസ്ഥര്‍ ചേരി പ്രദേശത്ത്  റെയ് ഡ് നടത്തിയത്.  

Latest News