കണ്ണൂര്‍- കൂത്തുപറമ്പിനടുത്തെ മൂന്നാം പീടിക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹണിട്രാപ്പ് സംഘത്തിന്റെ വലയിലായത് നിരവധി പേരെന്നു സൂചന. സ്ത്രീകള്‍ നേതൃത്വം നല്കുന്ന സംഘത്തിന്റെ വലയില്‍ വ്യവസായികളടക്കമുള്ള പ്രമുഖര്‍ കുടുങ്ങിയെന്നു പൊലിസിനു സൂചന ലഭിച്ചിട്ടുണ്ട്. സുന്ദരികളായ സ്ത്രീകളുടെ ഫോട്ടോ കാണിച്ചാണ് ഈ സംഘം നവമാധ്യമങ്ങളുപയോഗിച്ചു ഇരകളെ വീഴ്ത്തുന്നത്. ഫോട്ടോയില്‍ കാണുന്ന യുവതിയുമായി രഹസ്യകേന്ദ്രത്തില്‍ സമയം ചെലവഴിക്കാമെന്നാണ് ഓഫര്‍. ഇതിനായി ഒരു നിശ്ചിത തുകയും ഈടാക്കും. ഇങ്ങനെയെത്തുന്നവരെ രഹസ്യകേന്ദ്രത്തിലെത്തിച്ചു പുന്നോലിലെ ഷഹനാസ്(34) എം.കെ റനീഷ്(28) അസ്ബിറ(24) എന്നിവരുടെ നേതൃത്വത്തില്‍ നഗ്നാക്കി യുവതികള്‍ക്കൊപ്പമുള്ള ഫോട്ടോ മൊബൈലിലെടുക്കും. ഇതു സോഷ്യല്‍മീഡിയയിലിടുമെന്നു ഭീഷണിപ്പെടുമെന്നു കെണിയിലാകുന്ന യുവാക്കളില്‍ നിന്നും പണം വാങ്ങുകയാണ് പതിവ്. ഇവരുടെ ദേഹത്തുള്ള സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും സംഘം കരസ്ഥമാക്കും. റനീഷാണ് ഹണിട്രാപ്പിന്റെ ആസൂത്രകന്‍. തലശ്ശേരി നഗരത്തിലെ ചില വ്യവസായികള്‍ ഇവരുടെ വലയില്‍ വീണു ലക്ഷങ്ങള്‍ നഷ്ടമായിട്ടുണ്ട്. ഈയിടെ തലശ്ശേരി സ്വദേശിയായ ഒരു യുവാവിനെ പ്രലോഭിപ്പിച്ചു സംഘം മൂന്നാം പീടികയിലെ ക്വാര്‍ട്ടേഴ്സിലെത്തിച്ചു. ഇയാളെയും നഗ്നനാക്കി ഫോട്ടോയെടുത്തതിനു ശേഷം കൈയിലുണ്ടായ അയ്യായിരം രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു.വിവരം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്നും യുവതികളോടൊപ്പമുള്ള ഫോട്ടോ വാട്സ് ആപ്പില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും യുവാവ് കൂത്തുപറമ്പ് പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് പൊലിസ് രഹസ്യമായി സംഘത്തെ നിരീക്ഷിച്ചു വലയിലാക്കിയത്. ഷഹനാസിന്റെ രണ്ടാം ഭര്‍ത്താവായാണ് റെനീഷ് പുറത്തറിയപ്പെടുന്നത്. അസ്ബിറയാണ് ഇവരെ യുവാക്കളെ വലയിലാക്കാന്‍ സഹായിക്കുന്നത്.കണ്ണൂര്‍ മാത്രമല്ല കോഴിക്കോട്, മലപ്പുറം,വയനാട് എന്നീ ജില്ലകളിലും ഇവര്‍ നിരവധിപ്പേരെ വലയിലാക്കിയതായി സൂചനയുണ്ട്.