ജിദ്ദ-- അന്തരിച്ച സൗദി ഭരണാധികാരി അബ്ദുല്ല രാജാവിനെ വധിക്കാൻ ലിബിയൻ ഏകാധിപതി കേണൽ മുഅമ്മർ ഗദ്ദാഫിയുമായി ചേർന്ന് ഖത്തർ ഭരണനേതൃത്വം ഗൂഢാലോചന നടത്തിയതായി വെളിപ്പെടുത്തൽ. സൗദി റോയൽകോർട്ട് ഉപദേശകൻ സൗദ് അൽഖഹ്താനിയുടേതാണ് ഏറെ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന വെളിപ്പെടുത്തൽ.
അബ്ദുല്ല രാജാവ് കിരീടാവകാശിയായിരിക്കെ ലണ്ടനിൽ വെച്ച് വധിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് സൗദ് അൽഖഹ്താനി ഔദ്യോഗിക ട്വിറ്റർ പേജിൽ വ്യക്തമാക്കുന്നു. ലണ്ടനിൽ താമസിക്കുന്ന സൗദി വിമതരുടെ സഹായത്തോടെ കൃത്യം നടപ്പാക്കുന്നതിനാണ് ലിബിയൻ നേതാവ് ഖത്തർ മുൻ ഭരണാധികാരിയും ഖത്തർ അമീർ തമീം ബിൻ ഹമദ് അൽഥാനിയുടെ പിതാവുമായിരുന്ന ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ സഹായം തേടിയത്.
ഗദ്ദാഫിയുടെ പ്രതിനിധി കേണൽ മുഹമ്മദ് ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഖത്തർ ഭരണനേതൃത്തോട് വിഷയം ചർച്ച ചെയ്യാൻ എത്തിയിരുന്നത്. കൃത്യം പരാജയപ്പെട്ടാലുള്ള ഭവിഷ്യത്തുകൾ ഓർമിപ്പിച്ച് ഖത്തറിനെ പ്രതിനിധീകരിച്ചവർ മടിച്ചുനിന്നപ്പോൾ ലിബിയൻ സംഘം തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയും രോഷാകുലരായി സ്വന്തം നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു. എന്നാൽ ഹമദ് ബിൻ ഖലീഫ ഉടൻ തന്നെ ലിബിയ സന്ദർശിച്ച് തന്റെ ആളുകളിൽനിന്ന് നേരിട്ട പ്രയാസത്തിൽ ഗദ്ദാഫിയോട് ഖേദം പ്രകടിപ്പിക്കുകയുംപദ്ധതി നടപ്പാക്കുന്നതിന് പൂർണ സഹകരണം വാഗ്ദാനം ചെയ്യുകയുമായിരുന്നു. തുടർന്ന് ഖത്തർ ഭരണാധികാരി ലണ്ടനിലുള്ള രണ്ട് സൗദി വിമതരുമായി ബന്ധപ്പെട്ട് കേണൽ മുഹമ്മദ് ഇസ്മായിലുമായി സഹകരിക്കണമെന്നും അദ്ദേഹത്തിന്റെ ആജ്ഞകൾ നടപ്പാക്കണമെന്നും നിർദേശം നൽകി.
ജിഹാദി ആക്രമണമെന്ന നിലയിൽ അബ്ദുല്ല രാജാവിനെ വധിക്കാനായിരുന്നു പദ്ധതിയെന്ന് സൗദ് അൽഖഹ്താനി പറയുന്നു.
ലിബിയൻ നേതാവും ഖത്തർ അമീറും സൗദിയിലെ അൽഖർജിൽ നിന്ന് അമേരിക്കൻ സൈനിക ക്യാമ്പ് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിരാകരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് അബ്ദുല്ല രാജാവിനെ വധിക്കാനുള്ള പദ്ധതിക്ക് രൂപം നൽകിയതെന്നും അൽ ഖഹ്താനി പറയുന്നു.
ഖത്തർ ഭരണാധികാരി വാടകക്ക് എടുത്ത സൗദി വിമതരിൽ ഒരാൾ സഅദ് അൽഫഖീഹ് ആയിരുന്നുവെന്നും സർവാദരണീയനായ അബ്ദുല്ല രാജാവിനെതിരെ നടന്ന വധശ്രമത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും സൗദ് അൽഖഹ്താനി ട്വീറ്ററിൽ പറഞ്ഞു.
വീഡിയോ കാണാം