കൊച്ചി- ശ്രീലങ്കയിലെ സ്ഫോടന പരമ്പരക്ക് ശേഷം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കസ്റ്റഡിയിലെടുത്ത മലയാളികള്‍ക്ക് സ്ഫോടനവുമായി ബന്ധമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഇവര്‍ ശ്രീലങ്കയില്‍ കൊല്ലപ്പെട്ട നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ) നേതാവ് സഹ്റാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടരായിരുന്നുവെന്ന് പറയുന്നു.
സഹ്റാന്‍ ഹാഷിം കേരളത്തില്‍ തങ്ങിയിട്ടുണ്ടോ, ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ പാലക്കാട്ടും കാസര്‍കോട്ടും പരിശോധന നടത്തിയത്. സഹ്റാന്‍ ദക്ഷിണേന്ത്യയില്‍ മാസങ്ങളോളം തങ്ങിയിട്ടുണ്ടെന്ന വിവരം ശ്രീലങ്കന്‍ സൈനിക വൃത്തങ്ങളാണ് പുറത്തുവിട്ടത്.
കസ്റ്റഡിയിലായ പാലക്കാട് സ്വദേശിക്ക് തൗഹീദ് ജമാഅത്തിന്റെ തമിഴ്നാട് ഘടകവുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ അറിയിച്ചു. ഇതു സംബന്ധിച്ച് കേസെടുത്ത് അന്വേഷിക്കാനാണ് എന്‍.ഐ.എയുടെ നീക്കം.
കാസര്‍കോട് സ്വദേശികളായ രണ്ട് പേരോട് ഇന്ന് കൊച്ചിയിലെ എന്‍.ഐ.എഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു.