Sorry, you need to enable JavaScript to visit this website.

ഹിന്ദി ഹൃദയഭൂമി ഇന്ന് വിധിയെഴുതും; നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ വോട്ടു രേഖപ്പെടുത്തി പുരത്തു വരുന്നു

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന് ഒമ്പതു സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളില്‍ ആരംഭിച്ചു. 2014-ല്‍ ബിജെപിയെ തുണച്ച ഹിന്ദി ഹൃദയഭൂമിയിലാണ് പോളിങ് പുരോഗമിക്കുന്നത്. മഹാരാഷ്ട്രയില്‍ 17 മണ്ഡലങ്ങളിലും ഉത്തര്‍ പ്രദേശിലും രാജസ്ഥാനിലും 13 ഇടങ്ങളിലും പശ്ചിമ ബംഗാളില്‍ എട്ടു മണ്ഡലങ്ങളിലും മധ്യപ്രദേശിലും ഒഡീഷയിലും ആറിടത്തും ബിഹാറില്‍ അഞ്ചു സീറ്റിലും ജാര്‍ഖണ്ടില്‍ മൂന്നിടത്തും ജമ്മു കശ്മീരിലെ ഒരു മണ്ഡലത്തിലുമാണ് പോളിങ് നടക്കുന്നത്. ഇന്നത്തെ പോളിങോടെ 374 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പു പൂര്‍ത്തിയാകും.

12 കോടിയിലേറെ പേര്‍ക്ക് ഇവിടങ്ങളില്‍ വോട്ടവകാശമുണ്ട്. കഴിഞ്ഞ തവണ ഈ 72 മണ്ഡലങ്ങളില്‍ 56 ഇടത്തും ബിജെപിക്കായിരുന്നു ജയം. കോണ്‍ഗ്രസിനു ലഭിച്ചത് വെറും രണ്ടു സീറ്റു മാത്രം. കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്താന്‍ ഈ ജയം ഇനിയും ബിജെപിക്ക് അനിവാര്യമാണ്. അതേസമയം രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി തോല്‍പിച്ച് കോണ്‍ഗ്രസ് അധികാരത്തുകയും ചെയ്തിട്ടുണ്ട്. നിയസഭാ തെരഞ്ഞെടുപ്പു നടന്ന വര്‍ഷം തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ നിയമസഭയില്‍ ജയിച്ച പാര്‍ട്ടിക്ക് അനുകൂലമായ തരംഗമാണ് പൊതുവെ ഇവിടങ്ങളില്‍ കണ്ടു വരുന്നത്.

നാലാംഘട്ടത്തില്‍ ജനവിധി തേടുന്നത് 957 സ്ഥാനാര്‍ത്ഥികളാണ്. ഏറ്റവും കൂടുതല്‍ കോടിപതിമാരും വനിതാ സ്ഥാനാര്‍ത്ഥികളും ഈ ഘട്ടത്തിലാണ് മാറ്റുരയ്ക്കുന്നത്. സിപിഐ യുവനേതാവ് കനയ്യ കുമാര്‍, എസ് പി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, ബിജെപിയുടെ തീപ്പൊരി നേതാക്കലായ സാ്ക്ഷി മഹാരാജ്, ഗിരിരാജ് സിങ് തുടങ്ങിയവരാണ് പ്രമുഖരില്‍ ചിലര്‍. 

ഇന്നത്തെ വോട്ടെടുപ്പോടെ മഹാരാഷ്ട്രയിലെ 48 മണ്ഡലങ്ങളിലേയും ഒഡീഷയിലെ 21 മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പു പൂര്‍ത്തിയാകും. അഞ്ചാം ഘട്ട വോട്ടെടുപ്പ് മേയ് ആറിനാണ്. മേയ് 12നും 19നുമായി ബാക്കിയുള്ള ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാകും. മേയ് 23-നു വോട്ടെണ്ണും.
 

Latest News