നജ്മ ഹെപ്ത്തുല്ല മുതൽ പി. സദാശിവം വരെയും ഗോപാൽകൃഷ്ണ ഗാന്ധി മുതൽ സുഷമ സ്വരാജ് വരെയുമുള്ളവരുടെ വ്യത്യസ്തതയാർന്ന പട്ടികയുമായി വീണ്ടും രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ച ചർച്ചയിൽ മുഴുകിക്കഴിഞ്ഞു രാജ്യം. ബി.ജെ.പിക്ക് മേൽക്കൈ കിട്ടുന്ന ചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നതിനാൽ പ്രണബിന്റെ പിൻഗാമിയെക്കുറിച്ച് ആകാംക്ഷയേറുന്നത് സ്വാഭാവികം. പ്രാദേശിക കക്ഷികളുടെ സഹായത്തോടെ രാഷ്ട്രപതിയെ നിശ്ചയിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് ബി.ജെ.പി കരുതുമ്പോഴും സമവായത്തിന്റെ വാതിലുകൾ തേടുമെന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ഭരണകക്ഷിയുടെ രാഷ്ട്രപതി സ്ഥാനാർഥി ആരെന്നത് കാത്തിരിക്കുകയാണ് പ്രതിപക്ഷം.
ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട രാഷ്ട്രപതിമാർ കുറവാണ്. ബി.ജെ.പി കണ്ടെത്താൻ പോകുന്നത് അത്തരമൊരു വ്യക്തിയെ ആയിരിക്കുമോ എന്നതാണ് പ്രധാന ചോദ്യം. ഹിന്ദുത്വ തത്വശാസ്ത്രത്തിനപ്പുറത്തേക്ക് മറ്റൊരു ലോകമില്ലാത്ത വല്ല 'തിങ്ക് ടാങ്കി'നേയും മതേതര ഭാരതത്തിന് മേൽ അടിച്ചേൽപിച്ച്, രാഷ്ട്രീയവും സാമൂഹികവുമായ ധ്രുവീകരണത്തിന്റെ അപകടകരമായ വക്കിലെത്തി നിൽക്കുന്ന രാജ്യത്തെ വീണ്ടും ഹിംസാത്മക വർഗീയതയുടെ കരാള ഹസ്തങ്ങളിലേക്ക് എറിഞ്ഞുകൊടുക്കുമോ എന്നാണ് അറിയാനുള്ളത്. പ്രതിപക്ഷം കാത്തിരിക്കുന്നതും അതുകൊണ്ടാണ്. എല്ലാവർക്കും സ്വീകാര്യനായ ആളെങ്കിൽ പിന്തുണക്കുക, തികഞ്ഞ രാഷ്ട്രീയ തെരഞ്ഞെടുപ്പെങ്കിൽ സ്വന്തം സ്ഥാനാർഥിയെ നിർത്തുക എന്നതാണ് അവരുടെ നയം.
ഭരണഘടനാപരമായി രാഷ്ട്രത്തലവനെങ്കിലും ഇന്ത്യയുടെ രാഷ്ട്രപതിക്ക് ഉപദേശകന്റെ പങ്ക് മാത്രമേ നിർവഹിക്കാനുള്ളൂവെന്നത് അംഗീകൃത സത്യമാണ്. നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തിന് പൗരസമൂഹത്തിൽ കൊണ്ടുവരാനാകാത്ത എന്തെങ്കിലും മാറ്റം ഒരു പ്രസിഡന്റിന് കൊണ്ടുവരാൻ കഴിയുമെന്ന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം തെളിയിച്ചിട്ടില്ല. ആലങ്കാരിക പദവിയെന്ന പരമ്പരാഗത ധാരണക്ക് വിരുദ്ധമായി, 'പ്രവർത്തിക്കുന്ന പ്രസിഡന്റ്' എന്ന സങ്കൽപം പലപ്പോഴും പൊതുസമൂഹം ആഗ്രഹിക്കുമെങ്കിലും അത്തരമൊരു ആക്ടിവിസം രാഷ്ട്രപതി ഭവനിൽ ഒരിക്കലും ദൃശ്യമായിട്ടില്ലാത്തതാണ് നമ്മുടെ ജനാധിപത്യത്തെ ഏറെ കരുത്തോടെ നിലനിർത്തുന്നത് എന്ന് നിരീക്ഷിക്കുന്നവരും ധാരാളമാണ്. ഒരുപക്ഷേ അത് അട്ടിമറിക്കുന്ന ഒരു തെരഞ്ഞെടുപ്പാകുമോ ബി.ജെ.പിയുടേത് എന്നാണ് എല്ലാവരും ഭയക്കുന്നത്.
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയതും ഇടക്കിടെ ഭേദഗതി വരുത്തപ്പെടുന്നതുമായ നമ്മുടെ ഭരണഘടനയുടെ 74 (1) വകുപ്പ് ഇങ്ങനെയാണ്: 'പ്രധാനമന്ത്രി തലവനായി ഒരു മന്ത്രിസഭ പ്രസിഡന്റിനെ കർത്തവ്യ നിർവഹണത്തിൽ സഹായിക്കാനും ഉപദേശിക്കാനും ഉണ്ടാകും. ഈ ഉപദേശമനുസരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുക.' അതിനാൽ തന്നെ മന്ത്രിസഭയുടെ പരിധിയിൽ വരുന്ന ഏത് കാര്യത്തിലും അവരുടെ ഉപദേശമനുസരിക്കാൻ രാഷ്ട്രപതി ബാധ്യസ്ഥനാണ്. ഇതിന് വിരുദ്ധമായ ചില ആഗ്രഹങ്ങൾ തനിക്കുണ്ടെന്ന് മന്ത്രിസഭയെ ബോധ്യപ്പെടുത്താൻ തീർച്ചയായും പ്രസിഡന്റിന് അവസരമുണ്ട്. എന്നാൽ മന്ത്രിസഭ ഉപദേശം ആവർത്തിക്കുന്നതോടെ പ്രസിഡന്റ് അതിന് വഴങ്ങാൻ നിർബന്ധനായിത്തീരുന്നു.
രാഷ്ട്ര പുനർനിർമാണ പ്രക്രിയയിൽ ഇന്ത്യയുടെ പരമോന്നത പദവി വഹിക്കുന്ന ആളിനുള്ള പരിമിതമായ പങ്ക് സൂചിപ്പിക്കാൻ ഇത്രയും പറഞ്ഞെന്നേയുള്ളൂ. ഒരു മാസത്തിനകം ഇന്ത്യക്ക് പുതിയൊരു രാഷ്ട്രപതി ഉണ്ടാകണം. രാഷ്ട്രീയ പാർട്ടികളും സഖ്യങ്ങളും അനുയോജ്യനായ ആളെ തിരയുന്ന തിരക്കിലാണ്. ദേശീയ ഭരണകക്ഷിയുടെ താൽപര്യങ്ങളാണ് എപ്പോഴും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്ന കീഴ്‌വഴക്കത്തിന് ഇത്തവണയും മാറ്റം വരുമെന്ന് ആരും വിചാരിക്കുന്നില്ല.
അനുഭവജ്ഞനായ രാഷ്ട്രീയ പ്രവർത്തകനും മികച്ച ഭരണാധികാരിയുമെന്ന് പേരുകേട്ട ഒരു രാഷ്ട്രപതിയാണ് അടുത്ത മാസം സ്ഥാനമൊഴിയുന്നത്. ജനകീയ തെരഞ്ഞെടുപ്പുകൾക്ക് പിടികൊടുത്തിട്ടില്ലെങ്കിലും പതിറ്റാണ്ടുകളായി, അധികാരത്തിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇന്ത്യയുടെ രാഷ്ട്രീയത്തിലും അധികാരത്തിന്റെ അകത്തളങ്ങളിലും സ്വാധീനമുറപ്പിച്ച പ്രണബ് മുഖർജി. അഞ്ചു വർഷത്തെ രാഷ്ട്രപതി ഭവനിലെ വാസത്തിനിടെ, പറയത്തക്ക വിവാദങ്ങളൊന്നുമുണ്ടാക്കാതെ അദ്ദേഹം പടിയിറങ്ങുന്നു. എങ്കിലും ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള ബി.ജെ.പിയുടെ കുതിച്ചുചാട്ടത്തിനും കോൺഗ്രസിന്റെ ദയനീയ പതനത്തിനും രാഷ്ട്രപതി ഭവനിലിരുന്ന് ജീവിത സായാഹ്നത്തിൽ സാക്ഷ്യം വഹിക്കേണ്ടി വന്നു അദ്ദേഹത്തിന്. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിന്റെ രാഷ്ട്രീയ അസ്തിത്വം അരക്കിട്ടുറപ്പിക്കുന്നതിലും പ്രതിസന്ധികളിൽനിന്ന് കരകയറ്റുന്നതിലും അദ്ദേഹം വഹിച്ച പങ്ക് സുവിദിതമാണ്.
മാധ്യമങ്ങളിലും ജനമനസ്സുകളിലും നിറഞ്ഞുനിന്ന എ.പി.ജെ. അബ്ദുൽ കലാമിന് ശേഷം ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന ബഹുമതിയോടെ അധികാരത്തിലെത്തിയ പ്രതിഭ പാട്ടീൽ, രാഷ്ട്രപതി ഭവനിലെ നിശ്ശബ്ദ സാന്നിധ്യമായിരുന്നു. 'ശക്തിയുള്ളവനെ മാത്രമേ ലോകം ആദരിക്കൂ' എന്ന് പരസ്യമായി പ്രഖ്യാപിക്കാൻ ധൈര്യം കാട്ടിയ ടെക്‌നോക്രാറ്റിൽനിന്ന് നിശ്ശബ്ദ രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുഖമുള്ള പ്രതിഭയിലേക്കുള്ള മാറ്റം രാഷ്ട്രപതി ഭവനിലെ കോൺഗ്രസ് പാരമ്പര്യത്തിന്റ തിരിച്ചുവരവ് കൂടിയായിരുന്നു. പരിണതപ്രജ്ഞനായ രാഷ്ട്രീയക്കാരനിലേക്കുള്ള മാറ്റമായിരുന്നു പ്രണബ് മുഖർജിയുടെ പദവി.
സജീവ രാഷ്ട്രീയ രംഗത്തിന് പുറത്തുനിന്ന് ഒരാൾ രാഷ്ട്രപതിയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രതിപക്ഷം ആഗ്രഹിക്കുന്നത് അതാണ്. പക്ഷേ ബി.ജെ.പിയിൽ രാഷ്ട്രപതി സ്ഥാനത്തേക്ക് കണ്ണും നട്ടിരിക്കുന്നവർ ഏറെയുള്ള സ്ഥിതിക്ക് പ്രതിപക്ഷ മോഹം സാധ്യമാകാനിടയില്ല. അങ്ങനെയെങ്കിൽ പ്രതിപക്ഷവും സ്വന്തം സ്ഥാനാർഥിയെ രംഗത്തിറക്കും. രാഷ്ട്രീയ രംഗത്തുനിന്നുള്ള ഒരാളെ മാത്രമേ രാഷ്ട്രപതി പദത്തിലേക്ക് പിന്തുണക്കുകയുള്ളൂവെന്ന് കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച സി.പി.എം ഇത്തവണ അതിന് തയാറല്ല.
രാഷ്ട്രപതിമാരുടെ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോൾ തീർച്ചയായും രണ്ടു പേർ മനസ്സിലോടിയെത്തും. ഡോ. എസ്. രാധാകൃഷ്ണനും (1962-67), ഡോ. സാക്കിർ ഹുസൈനും (1967-69). രാഷ്ട്രീയക്കാർ എന്നതിലുപരി പണ്ഡിതന്മാരും വിജ്ഞാനികളുമായി ഇന്ത്യൻ സമൂഹം അംഗീകരിച്ച നാമധേയങ്ങളാണ് അവരുടേത്. രണ്ട് തവണകളിലായി (1950-62) 12 വർഷത്തോളം പ്രസിഡന്റായിരുന്ന ബാബു രാജേന്ദ്രപ്രസാദാണ് പട്ടികയിലെ ഒന്നാമൻ. വിവാഹം, സ്വത്തവകാശം, വനിതാ അവകാശം തുടങ്ങിയവ പ്രതിപാദിച്ച ഹിന്ദു കോഡ് ബിൽ പോലെയുള്ള കാര്യങ്ങളിൽ തികച്ചും യാഥാസ്ഥിതികമായ നിലപാടെടുത്ത രാജേന്ദ്രപ്രസാദിനെ നെഹ്‌റു ഇഷ്ടപ്പെടാതിരിക്കുക സ്വാഭാവികമാണല്ലോ. മാത്രമല്ല, ഭരണഘടന കൽപിച്ചുകൊടുത്ത ആലങ്കാരിക സ്ഥാനത്തുനിന്ന് ചില അധികാരപ്രയോഗങ്ങളൊക്കെ നടത്താൻ വെമ്പൽകൊണ്ട പ്രസിഡന്റുമാണദ്ദേഹം.
ഈ മൂന്നു പേർക്കും ശേഷം വന്നവരെല്ലാം, അബ്ദുൽ കലാമൊഴിച്ച്, തികഞ്ഞ രാഷ്ട്രീയക്കാരായിരുന്നു. 1969-74 കാലഘട്ടത്തിൽ രാഷ്ട്രപതിയായ വി.വി. ഗിരിയും 1977 മുതൽ 82 വരെ പ്രസിഡന്റായിരുന്ന നീലം സഞ്ജീവ റെഡ്ഡിയും വിഭാഗീയ രാഷ്ട്രീയം കളിക്കുകയും കോൺഗ്രസിനെ പിളർപ്പിലേക്ക് നയിക്കുകയും ചെയ്തവരാണ്. കോൺഗ്രസിലെ എതിരാളികൾ പിന്തുണച്ച റെഡ്ഡിക്കെതിരെ ഇന്ദിരാഗാന്ധിയുടെ നോമിനിയായാണ് ഗിരി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്. ഗിരിയുടെ വിജയത്തോടെയാണ് 1969 ൽ കോൺഗ്രസ് പിളർന്നത്. 1977 ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരയും അനുയായികളും പരാജയപ്പെട്ടപ്പോൾ റെഡ്ഡി പ്രതികാരം വീട്ടി. മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ സഞ്ജീവ റെഡ്ഡിയെ രാഷ്ട്രപതിക്കസേരയിലിരുത്തി.
ഇന്ദിരാ വിരുദ്ധ ക്യാമ്പിലായിരുന്നു റെഡ്ഡിയെങ്കിൽ ഇന്ദിരയുടെ വിനീത വിധേയനായിരുന്നു ഗ്യാനി സെയിൽ സിംഗ്.(1982-87). പക്ഷേ രാജീവ് ഗാന്ധിയുമായി ഈ ബന്ധം കാത്തുസൂക്ഷിക്കാൻ സെയിൽ സിംഗിനായില്ല. പിന്നീട് ആർ. വെങ്കിട്ടരാമനും ശങ്കർദയാൽ ശർമയും കെ.ആർ. നാരായണനുമൊക്കെ (1997-2002) രാഷ്ട്രപതിയായപ്പോഴും ഒരു പൊതുഘടകം എല്ലാവരെയും ഒന്നിപ്പിച്ചു. സ്വാതന്ത്ര്യം കിട്ടിയ ശേഷം 2002 വരെ ഇന്ത്യ കണ്ട എല്ലാ രാഷ്ട്രപതിമാരും കോൺഗ്രസ് പശ്ചാത്തലമുള്ളവരായിരുന്നു. കോൺഗ്രസിന് ദേശീയ രാഷ്ട്രീയ രംഗത്തുണ്ടായിരുന്ന ആധിപത്യമായിരുന്നു ഇതിന് കാരണം. അബ്ദുൽ കലാം മാത്രമാണ് അതിന് അപവാദം.
ഇത്തവണയും കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയമായിരിക്കും രാഷ്ട്രപതി ഭവന്റെ പടികയറുകയെന്നാണ് ഒടുവിലത്തെ സൂചനകൾ.