കഥവീട്ടിൽ നാലു വർഷത്തിലേറെ കാലം ഒരേ കിടപ്പിലായിരുന്നു അശ്‌റഫ്. ഭാര്യ ഹാജിറയുടെയും മക്കൾ ആദിൽ, അദ്‌നാൻ എന്നിവരുടെയും സ്‌നേഹവും ആത്മാർഥമായ ശുശ്രൂഷയുമായിരുന്നു ഇക്കാലമത്രയും അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയത്. ഇക്കഴിഞ്ഞ മാർച്ച് 31- ന് കഥകൾ ഒരു പിടി ബാക്കിവച്ച് കഥവീട്ടിൽ നിന്നും അദ്ദേഹം എന്നെന്നേക്കുമായി പടിയിറങ്ങിപ്പോയി -തൊട്ടടുത്ത് എവിടെയൊക്കെയോ ഉണ്ടായിട്ടും എനിക്കൊരിക്കലും നേരിട്ട് കാണാൻ കഴിയാതെ, പറഞ്ഞുറപ്പിച്ച അഭിമുഖം എടുക്കാൻ സാധിക്കാതെ, വെറുമൊരു ഓർമക്കുറിപ്പ് എഴുതാനുള്ള സാധ്യത മാത്രം ബാക്കിവെച്ച് കൊണ്ട്.
മനുഷ്യ ജീവിത നിയോഗങ്ങൾ പലപ്പോഴും നമ്മുടെ ചിന്തകൾക്കും ആഗ്രഹങ്ങൾക്കും അപ്പുറത്ത് മറ്റെവിടെയൊക്കെയോ നിയന്ത്രിക്കപ്പെടുന്നു എന്ന് ചിലപ്പൊഴൊക്കെ തോന്നാറുണ്ട്. ഒന്നും നമ്മുടെ കൈകളിലല്ല എന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുമ്പോഴാണ് ആ തോന്നൽ ബലപ്പെടുക. ജീവിതത്തിൽ നമുക്ക് നിസ്സാരമെന്നും എളുപ്പത്തിൽ ചെയ്യാനാവുമെന്നും ഒറ്റ നോട്ടത്തിൽ തോന്നിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ, അവയിൽ പലതും ചിലപ്പൊഴെങ്കിലും അസാധാരണമായ ഒരുതരം ശാഠ്യത്തോടെ നമുക്ക് പിടിതരാതെ മാറിപ്പോവുകയും മറന്നു പോകുകയും ചെയ്യുന്നത് നിസ്സഹായതയോടെയും നിരാശയോടെയും നോക്കി നിൽക്കേണ്ടിവരാറുമുണ്ട്.
ഇങ്ങനെയൊക്കെ ഇപ്പോൾ ചിന്തിക്കാനിടയാക്കിയ സാഹചര്യത്തെ കുറിച്ച് പറയാം. അശ്‌റഫ് ആഡൂര് എന്ന കഥാകാരന്റെ ഒരു കഥാസമാഹാരം 2010-ലാണ് ഞാൻ ആദ്യമായി വായിക്കുന്നത്-പെരുമഴയിലൂടൊരാൾ. അനുഭവങ്ങളെ ഒട്ടും ആലങ്കാരികമാക്കാതെ പച്ചയായി പറിച്ചെടുത്ത് അതിന്റെ സർവ തീവ്രതയോടെയും കാച്ചിക്കുറുക്കി കുന്തം പോലെ കുറിക്കു കൊള്ളും വിധം നമ്മുടെ മനസ്സിലേക്ക് കുത്തിക്കയറുന്ന കുഞ്ഞുകഥകളായിരുന്നു അവ. ജീവിതം തിളച്ചു മറിയുന്നതിന്റെ വേവും വിവശതയും ഉണ്ടായിരുന്നു ആ സമാഹാരത്തിലെ മിക്ക കഥകളിലും. സഹനം, സഹ്യപർവതം കണക്കെ പ്രതി ഫലിക്കുന്ന ആ കഥകളിൽ അസാധാരണനായ ഒരു കഥാകൃത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞു കിടക്കുന്നത് ഒട്ടൊരു ആവേശത്തോടെയാണ് ശ്രദ്ധിച്ചത്.
ആദ്യവായനയിൽ തന്നെ കഥകൾ മനസ്സ് കീഴടക്കിയപ്പോൾ കഥാകാരനെ കുറിച്ചായി അന്വേഷണം (നാട്ടിലെ വായനശാലയിൽ നിന്നും എടുത്തക ഥാസമാഹാരത്തിൽ കഥാകാന്റെ ജീവചരിത്ര കുറിപ്പുള്ള ഭാഗം എങ്ങനെയോ നഷ്ടപ്പെട്ട് പോയിരുന്നു) മാസങ്ങൾക്ക് ശേഷം ഒരു സുഹൃത്തിൽ നിന്നും അറിഞ്ഞു, ആൾ കണ്ണൂരുകാരനാണ്. എന്നുമാത്രമല്ല, എന്റെ അയൽ നാട്ടുകാരനും. അതോടെ ആളെ കണ്ടിട്ടു തന്നെ കാര്യം എന്ന് മനസ്സിൽ ഉറപ്പിച്ചു.
പിന്നെയും കുറേനാൾ കഴിഞ്ഞാണ് അദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടുന്നത്. വിളിച്ചു. കഥകളെ കുറിച്ച് സംസാരിച്ചു. കാണാൻ ആഗ്രഹമുണ്ട് എന്നു പറഞ്ഞപ്പോൾ നമുക്കു രണ്ടു പേർക്കും സൗകര്യപ്പെടുന്ന ഒരു ദിവസം കാണാം എന്ന് സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു.
ആ സംസാരത്തിനിടയിലാണ് അറിഞ്ഞത് അശ്‌റഫ് വാർപ്പു പണിക്കാരനാണ് എന്ന്. ദാരിദ്ര്യത്തിന്റെ വറുതിയിൽ പൊറുതിമുട്ടി ജീവിതം കരുപ്പിടിപ്പിക്കാൻ അഹോരാത്രം പണിപ്പെടുന്നതിനിടയിലാണ് അദ്ദേഹം കഥകൾ കുറിക്കുന്നത് എന്ന അറിവ് കഥാകാരനെ കുറിച്ചുള്ള മതിപ്പ് വർദ്ധിപ്പിച്ചു. പലതരം പണികളിലൂടെ ജീവിതം സുരക്ഷിതമാക്കിയ ശേഷം അരക്ഷിത ജീവിത ത്തെ കുറിച്ച് ഭാവനാത്മകമായി എഴുതുന്ന കഥാരംഗത്തെ പൊതുസ്വഭാവത്തിന് നേർ വിപരീതമായിരുന്നു ഈ കഥാകാരന്റെ സത്യവും സ്വത്വവും. (പൊള്ളുന്ന വെയിലിൽ പണിയെടുക്കുമ്പോൾ അതിന്റെ ചൂടറിയാതിരിക്കാൻ കഥകൾ പലതും മനസ്സിലിട്ട് പരുവപ്പെടുത്തുക പതിവാണ് എന്ന് ഒരിക്കൽ അദ്ദേഹം എന്നോട് ഫോണിൽ പറഞ്ഞതും ഓർക്കുന്നു)
മാസങ്ങൾ കടന്നു പോയി. പലതരം തിരക്കുകളിലൂടെ(അതോ അലസ തകളിലൂടെയോ?)ജീവിക്കുന്നതിനിടയിൽ അശ്‌റഫിനെ നേരിൽ കാണാൻ ക ഴിഞ്ഞില്ല. ഇടയ്‌ക്കൊരിക്കൽ വിളിച്ചപ്പോൾ താൻ വാർപ്പിന്റെ പണിവിട്ട് മാധ്യമ പ്രവർത്തകനായി എന്നദ്ദേഹം പറഞ്ഞു. കണ്ണൂർ സിറ്റി ചാനലിൽ റിപ്പോർട്ടറായി കഴിഞ്ഞിരുന്നു അദ്ദേഹമപ്പോൾ. മിക്കപ്പോഴും കണ്ണൂരിൽ പോകാറുള്ളതു കൊണ്ട് ഇനി കാണുക എളുപ്പമായി എന്ന് ഞാൻ കരുതി.
വിളിച്ചിട്ട് വരൂ എന്നദ്ദേഹം പറയുകയും ചെയ്തു. അപ്പൊഴേക്കും ഞാൻ അദ്ദേഹത്തിന്റെ മരണം മണക്കുന്ന വീട്, കരഞ്ഞു പെയ്യുന്ന മഴ, കുഞ്ഞാമന്റെ പുതപ്പ്, മുറ്റമില്ലാത്ത കുട്ടികൾ തുടങ്ങിയ കഥാസമാഹാരങ്ങളും വായിച്ചു കഴിഞ്ഞിരുന്നു. ജീവിതം ആഴത്തിലറിഞ്ഞും അനുഭവിച്ചും എഴുതിയ ആ കഥകൾക്കെല്ലാം അ സാധാരണമായ ഉൾക്കരുത്തും സാമൂഹ്യ പ്രസക്തിയും പ്രമേയ വൈവിധ്യവുമാണ് ഉണ്ടായിരുന്നത്. കഥകൾക്കായി മനസ്സിനെ ഉലയിലിട്ട് ഊതി ഉരുക്കിയെടുത്ത ഒരു ഉപാസകനെയാണ് എനിക്കപ്പോൾ അശ്‌റഫിൽ കാണാൻ കഴിഞ്ഞത്.
ഇടത്തരക്കാരന്റെ ജീവിത പങ്കപ്പാടുകളെ ഏറെക്കുറെ സത്യസന്ധമായി തന്നെ ആവിഷ്‌കരിച്ച ആ കഥകൾ പലപ്പോഴായി മനസ്സിനെ വല്ലാതെ വേട്ടയാടി. അപ്പൊഴാണ് ആ കഥകളെ കുറിച്ച് ഒരു പഠനം എഴുതിയാലോ എന്നു ചിന്തിച്ചത്. അത് കലശലായപ്പോൾ കഥകൾ വീണ്ടും വായിച്ച് കുറിപ്പുകളെടുത്തു തുടങ്ങി. ഇടയ്ക്ക് വിളിച്ചപ്പോൾ അശ്‌റഫിനോട് ഇക്കാര്യം സൂചിപ്പിക്കു കയും ചെയ്തു. അദ്ദേഹത്തിന്റെ കഥകളെ കുറിച്ച് അന്ന് അധികം പഠനങ്ങളൊന്നും വന്നിരുന്നില്ല.
അതിനാൽ തന്നെ ഞാൻ ചെയ്യുന്നത് ഒരു നല്ല കാര്യ മാണ് എന്നും പഠനം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ പുതിയതായി ഇറക്കുന്ന തന്റെ ഏതെങ്കിലും ഒരു കഥാസമാഹാരത്തിൽ അത് ഉൾപ്പെടുത്തുന്നത് നന്നായിരിക്കും എന്നും അദ്ദേഹം വലിയ സന്തോഷത്തോടെ അഭിപ്രായപ്പെടുകയുണ്ടായി. പക്ഷെ, നിർഭാഗ്യവശാൽ ഏതെല്ലാമോ കാരണങ്ങളാൽ ആ പഠനം എനിക്ക് എഴുതാനോ പ്രസിദ്ധീകരിക്കാനോ കഴിഞ്ഞില്ല.
കെട്ടുപോയ കാലത്തെ കുറിച്ചുള്ള ആധിയായിരുന്നു അശ്‌റഫിന്റെ മിക്ക കഥകളുടെയും പ്രമേയം. എഴുത്തുകാരൻ എന്ന നിലയിൽ അതിരൂക്ഷമായാണ് അവയോട് അദ്ദേഹം പ്രതികരിച്ചത്. വ്യക്തി എന്ന നിലയിൽ അനേകം പ്രശ്‌നങ്ങളിലൂടെ കടന്നു പോകുമ്പോൾ പലപ്പോഴും പതറിയിരുന്ന അശ്‌റഫ്, പക്ഷെ, കഥാകാരൻ എന്ന നിലയിൽ അസാധാരണമായ ആത്മബലമാണ് കാഴ്ചവെച്ചത്. സംസാരിക്കുമ്പോൾ ചഞ്ചലചിത്തനായി തീരാറുള്ള ഈ കഥാകാരൻ കഥയെഴുത്തിൽ കരുത്തനായിരുന്നു. അദ്ദേഹത്തിന്റെ കഥകൾ അത് അർഥശങ്കയ്ക്കിടയില്ലാതെ തെളിയിക്കുന്നുമുണ്ട്.
തിരക്കേറിയ ബസ്സിൽ കൈക്കുഞ്ഞുമായി നിന്ന് പെടാപ്പാടു പെടുന്ന ഒരമ്മയുടെ ദയനീയ ചിത്രം വരിച്ചിടുന്നുണ്ട്, അശ്‌റഫ് ഒരു കഥയിൽ (റിയാലി റ്റി ഷോ)അവരുടെ ബുദ്ധിമുട്ട,് ഇരിപ്പിടം കിട്ടിയ സ്ത്രീകളും പുരുഷൻമാരും വിദ്യാർഥിനികളും റിയാലിറ്റി ഷോ പോലെ ആസ്വദിക്കുകയാണ് എന്ന് എഴുതുന്ന കഥാകൃത്ത് മനുഷ്യത്വം മരവിച്ചു പോയ പുതുകാലത്തിന്റെ പൊതുബോധത്തിനു നേരെ നിശിതമായ വിമർശനത്തിന്റെ അമ്പുകളെയ്യുകയാണ്. അസുഖം ബാധിച്ച ആ കുഞ്ഞിനെ അമ്മ ഡോക്ടറെ കാണിക്കാൻ കൊണ്ടു പോവുകയാണ് എന്നും അതിനിടയിൽ ആ കുട്ടി മരിച്ചു പോയി എന്നും അമ്മ പക്ഷെ, അതറിഞ്ഞില്ല എന്നും കഥാകൃത്ത് നമ്മളോട് പറയുമ്പോൾ ഞെട്ടലോടെയല്ലാതെ നമുക്കാ കഥ വായിച്ച് അവസാനിപ്പിക്കാൻ കഴിയില്ല.
വിശ്വാസ്യത തകരുന്ന പുതുകാലത്തെ ദാമ്പത്യ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ''മുട്ട'' എന്ന കഥ പറയുന്നത്. ഭർത്താവിരിക്കെ തന്നെ അന്യനായ ഒരാളുമായി വഴിവിട്ട ബന്ധത്തിലേർപ്പെടുന്ന ഭാര്യ. കഥ വായിക്കുമ്പോൾ പക്ഷെ, നമുക്കു തോന്നുക ഭാര്യ, അതിതീവ്രമായി സ്വന്തം ഭർത്താവിനെ സ്‌നേഹിക്കുന്നു എന്നാണ്. പക്ഷെ, കഥയുടെ അവസാനം അത് വെറും നാട്യമാണ് എന്ന് തിരിച്ചറിയുമ്പോൾ നമ്മൾ ഉലഞ്ഞു പോകും.
രാത്രി ഉറക്കമുണർന്നപ്പോൾ സ്വന്തം കുഞ്ഞുമകൾ മൂത്രമൊഴിച്ച് കിട ക്കുന്നതു കണ്ട ഒരച്ഛൻ, അവളുടെ നനഞ്ഞ ഉടുപ്പുമാറ്റാൻ ശ്രമിക്കുമ്പോൾ ഉറക്കമുണർന്ന ഭാര്യ അത് കണ്ട് അനാവശ്യമായി തെറ്റിദ്ധരിച്ച് അയാളെ അ തിരൂക്ഷമായി കുറ്റപ്പെടുത്തുന്ന ഒരു കഥ അശ്‌റഫ് എഴുതിയിട്ടുണ്ട്(എന്റെ മകൾ നാല് വയസ്) പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങൾ പോലും സ്വ പിതാ വിനാൽ പീഡനത്തിനിരയാകുന്ന ഈ കാലത്ത് ആ അമ്മ, അച്ഛനെ തെറ്റിദ്ധ രിച്ചതിന് ന്യായീകരണമുണ്ട്. പക്ഷെ, നിരപരാധിയും നിഷ്‌കളങ്കനുമായ ആ അച്ഛൻ അപ്പോൾ അനുഭവിക്കുന്ന ആത്മപീഡനത്തെ എന്ത് ന്യായീകരണം നൽകിയാണ് നമുക്ക് സാധൂകരിക്കാനാവുക? കഥയുടെ അവസാനം ഒന്നുറ ക്കെ കരയാനായെങ്കിൽ എന്ന് ആ അച്ഛൻ ആത്മഗതം ചെയ്യുമ്പോൾ അത് സഹിക്കാനാവാത്ത വിങ്ങലായി നമ്മുടെ ഹൃദയത്തിലാണ് അലയടിച്ചെത്തുന്നത്.
കാലത്തിന്റെ മാറിയ കാലാവസ്ഥയിൽ നിന്ന് കൊണ്ട് മക്കളുടെ ഭാവി യെ കുറിച്ച് വല്ലാതെ വേവലാതിപ്പെടുന്ന ഒരച്ഛനെ വരിച്ചിടുന്നുണ്ട് അശ്‌റഫ്, മറ്റൊരു കഥയിൽ(മാഞ്ഞു പോകുന്നത്) ഭർത്താവിനൊപ്പം മകൾ, കുഞ്ഞിനേയും എടുത്ത് പുറത്ത് കറങ്ങാൻ പോകുമ്പോൾ അച്ഛൻ മകൾക്ക് പതിവില്ലാതെ കുറച്ച് പണം നൽകുകയാണ്.
അത് കണ്ട് അമ്പരന്ന മകൾ, ഇത് എന്തി നാണച്ഛാ എന്നു ചോദിക്കുമ്പോൾ അച്ഛന്റെ മറുപടി-'ഒന്നൂല്ല, മോളെ. ഒന്നി നും ഒരു ഉറപ്പും ഇല്ലാത്ത കാലമാണിത്. ടൗണിൽ വെച്ചങ്ങാൻ ഓൻ നിന്നെ മൊഴി ചൊല്ലൂട്ടാലോ എന്ന പേടിയാണെനിക്ക്!' വർത്തമാനകാലത്തെ ദാമ്പത്യബന്ധങ്ങളുടെ കെട്ടുറപ്പിൽ നിസ്സാര കാരണങ്ങളാൽ വന്നു വീഴുന്ന വിള്ളലുകളെ അതിരുവിട്ട ആശങ്കയോടെ നോക്കിക്കാണുകയാണ് ആ കഥ.
തിരക്കുള്ള ബസ്സ്റ്റാന്റിൽ ബസിറങ്ങുമ്പൊഴാണ് കഥാകാരന്റെ ഉച്ചഭക്ഷ ണം കരുതിയ സ്റ്റീൽ ചോറ്റുപാത്രത്തിന്റെ മൂടി അഴിഞ്ഞു പോയത്. ആരും കാണാതെ അത് ശരിയാക്കാൻ അയാൾ പള്ളിയുടെ കോമ്പൗണ്ടിൽ കയറു കയാണ്(ഇരട്ടക്ലൈമാക്‌സുള്ള ജീവിതം എന്ന കഥ) മൂടി ശരിക്കുമിട്ട് സ്റ്റീൽ പാത്രവുമായി പള്ളിയിൽ നിന്നും കഥാകാരൻ പുറത്തിറങ്ങുന്നതും നോക്കി പുറത്തെ തെരുവിൽ ചിലർ നിൽപ്പുണ്ടായിരുന്നു. ആ ചോറ്റുപാത്രം അവർ സ്റ്റീൽ ബോംബായാണ് കരുതിക്കൂട്ടി കരുതുന്നത്. കാരണം കഥാകാരൻ ന്യൂനപക്ഷ സമുദായക്കാരനും പള്ളിയിൽ നിന്ന് ഇറങ്ങി വരുന്നവനുമാണ്. അവരെ അത്തരക്കാരായി ചിത്രീകരിക്കുക ഭൂരിപക്ഷ സമുദായത്തിൽപ്പെട്ടവരുടെ താൽപര്യമാണ്. തുടർന്നവർ കഥാകാരനു പിന്നാലെ തെറിവിളികളുമായി പായുമ്പോൾ ഭൂരിപക്ഷ വർഗീയത എങ്ങനെ നിരപരാധിയായ ഒരാളെ സംഘടിതമായി കുറ്റവാളിയാക്കി മാറ്റാൻ ശ്രമിക്കുന്നു എന്നതിന്റെ ചിത്രമാണ് വ്യക്തമാകുന്നത്.
ഇങ്ങനെ വ്യത്യസ്തവും കാലികവുമായ ഒരുപിടി പ്രമേയങ്ങളെ കരു ത്തോടെ, കരുതലോടെ ആവിഷ്‌കരിച്ചെഴുതിയ നിരവധി കഥകളുണ്ട് അശ്‌റ ഫിന്റെ സമാഹാരങ്ങളിൽ. അവയുടെ പ്രസക്തിയും പ്രാധാന്യവും കാലാതിവർത്തിയാണ്.
കഥാകാരൻ എന്ന നിലയിൽ കത്തി നിൽക്കുമ്പോൾ തന്നെ ബദ്ഫത്തൻ പടിയിറങ്ങുന്നു, അത്താണി ജീവിതത്തിൽ നിന്ന് ജീവിതത്തിലേ ക്ക്, ഇലപ്പച്ച എന്നീ ഡോക്യുമെന്ററി സിനിമകളുടെ രചനയും അദ്ദേഹം നിർ വ്വഹിച്ചു. അദ്ദേഹത്തിന്റെ ഇരട്ടക്ലൈമാക്‌സുള്ള ജീവിതം എന്ന കഥ കഥാപാ ത്രം എന്ന പേരിൽ കൊച്ചു സിനിമയായി.
പാമ്പൻ മാധവൻ സ്മാരക പത്രപ്രവർത്തന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടി ആ രംഗത്തും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് കഴിഞ്ഞിരുന്നു.
അങ്ങനെ ബഹുമുഖപ്രതിഭയായ ഒരു കഥാകാരൻ എന്ന നിലയിൽ ശ്രദ്ധേയനാകുന്ന സമയത്താണ് ഒരിക്കൽ ഞാൻ അദ്ദേഹത്തെ മടിച്ചു മടിച്ച് വീണ്ടും വിളിക്കുന്നത് (ഇതുവരെ അദ്ദേഹത്തോട് ഞാൻ പറഞ്ഞ പ്രവൃത്തിയൊന്നും എനിക്ക് നിറവേറ്റാൻ കഴിയാത്തതു കൊണ്ടായിരുന്നു ആ മടി. പക്ഷെ, അദ്ദേഹം അതിനെ കുറിച്ചൊന്നും പറയുകയോ ചോദിക്കുകയോ ചെയ്തില്ല).
വർത്തമാനത്തിനിടെ വെറുതെ ചോദിച്ചു, കഥവിട്ട് ഇപ്പോൾ സിനിമയും പത്ര പ്രവർത്തനവും ഡോക്യുമെന്ററിയും ഒക്കെയായിട്ടാണല്ലോ പോകുന്നത് എന്ന് അപ്പോൾ അദ്ദേഹം പറഞ്ഞു, കഥയെഴുത്താണ് എനിക്ക് മുഖ്യം. ബാക്കിയൊക്കെ ജീവിക്കാൻ വേണ്ടി ചെയ്യുന്നതാണ്. ആ നിമിഷം മനസ്സിൽ തോന്നി, ഈ കഥാകാരന്റെ ഒരഭിമുഖം ചെയ്താലോ? മുൻകൂട്ടിയൊന്നും തീരുമാനിക്കാതെ പെട്ടെന്ന് തോന്നിയ കാര്യമാണ്. ആ നിമിഷം അഭിമുഖത്തിന്റെ ക്യാപ്ഷനും തെളിഞ്ഞു വന്നു- 'കഥയെ മനസ്സിൽ കുടിയിരുത്തിയ കഥാകാരൻ'. ഉടനെ ഞാൻ അദ്ദേഹത്തോട് ഒരു അഭിമുഖത്തിന് അനുവാദം ചോദിച്ചു. ആദ്യം മടിച്ചെങ്കിലും പിന്നെ അദ്ദേഹം സമ്മതിച്ചു. അഭിമുഖവും അദ്ദേഹത്തിന്റെ കഥകളുടെ പഠനവും ചേർത്ത് പ്രസിദ്ധീകരിക്കാം എന്നായിരുന്നു എന്റെ കണക്കു കൂട്ടൽ.
അഭിമുഖത്തിനുള്ള തയ്യാറെടുപ്പു തുടങ്ങി. സമാന്തരമായി തന്നെ കഥകളെ കുറിച്ചുള്ള പഠനവും എഴുതാൻ ആരംഭിച്ചു. അത് പല കാരണങ്ങളാൽ നീണ്ടു പോവുകയും പിന്നെ നിലച്ചു പോവുകയും ചെയ്തു. ഇടയ്ക്ക് 2015 മാർച്ചിൽ അദ്ദേഹത്തിന്റെ ജീവവൃക്ഷത്തിന്റെ ഇലകൾ' എന്ന കഥ ഒരു പ്ര സിദ്ധീകരണത്തിൽ വന്നത് വായിച്ചപ്പോൾ സന്തോഷത്തോടെ ഞാൻ അദ്ദേ ഹത്തെ വിളിച്ചു. മൊബൈൽ ഓഫ്. രണ്ടു ദിവസം കഴിഞ്ഞാണ് ഞാനറിഞ്ഞത്, മസ്തിഷ്‌കാഘാതത്തെ തുടർന്ന് കുറച്ചു ദിവസങ്ങളായി അശ്‌റഫ് ആശുപത്രിയിലാണ് എന്ന്.
ജീവൻ വീണ്ടെടുക്കാൻ ആയെങ്കിലും ആശുപത്രിയിൽ നിന്നും ഏറെ നാളുകൾക്ക് ശേഷം അദ്ദേഹം മടങ്ങിയത് ചലനം നിലച്ചു പോയ ശരീരവുമായിട്ടായിരുന്നു.
മുറ്റമില്ലാത്ത വീട്ടിലെ കുട്ടികളെ കുറിച്ച് കഥയെഴുതിയ അദ്ദേഹത്തിനപ്പോൾ സ്വന്തമായി ഒരു വീടുണ്ടായിരുന്നില്ല. അശ്‌റഫിന്റെ ആ സ്വപ്നം സാക്ഷാത്കരിക്കാൻ എഴുത്തുകാരനായ ഈയ്യ വളപട്ടണത്തെ പോലുള്ള ചില അടുത്ത സുഹൃത്തുക്കൾ മുന്നിട്ടിറങ്ങി. അവർ അശ്‌റഫിന്റെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരം ഇറക്കി. അതിന്റെ വരുമാനവും, കൂടാതെ നല്ലവരായ നാട്ടുകാരുടേയും സ്‌നേഹസമ്പന്നരായ ഒരു കൂട്ടം മനുഷ്യരുടെയും സംഭാവനയും കാരുണ്യവും കൂടിയായപ്പോൾ അശ്‌റഫിന് ഒരു കൊച്ചു ഭവനമായി-'കഥവീട്' എന്നതിന് പേരും നൽകി.
കഥവീട്ടിൽ നാലു വർഷത്തിലേറെ കാലം ഒരേ കിടപ്പിലായിരുന്നു അശ്‌റഫ്. ഭാര്യ ഹാജിറയുടെയും മക്കൾ ആദിൽ, അദ്‌നാൻ എന്നിവരുടെയും സ്‌നേഹവും ആത്മാർഥമായ ശുശ്രൂഷയുമായിരുന്നു ഇക്കാലമത്രയും അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയത്. എന്നിട്ടൊടുവിൽ ഇക്കഴിഞ്ഞ മാർച്ച് 31- ന് കഥകൾ ഒരു പിടി ബാക്കിവച്ച് കഥവീട്ടിൽ നിന്നും അദ്ദേഹം എന്നെന്നേ ക്കുമായി പടിയിറങ്ങിപ്പോയി-തൊട്ടടുത്ത് എവിടെയൊക്കെയോ ഉണ്ടായിട്ടും എനിക്കൊരിക്കലും നേരിട്ട് കാണാൻ കഴിയാതെ, പറഞ്ഞുറപ്പിച്ച അഭിമുഖം എടുക്കാൻ സാധിക്കാതെ, വെറുമൊരു ഓർമക്കുറിപ്പ് എഴുതാനുള്ള സാധ്യത മാത്രം ബാക്കിവച്ച് കൊണ്ട്.