ദുബായ്- യുഎഇയിലെ നിയമത്തിനു വിരുദ്ധമായി നടന്ന വിവാഹത്തിലൂടെ പ്രവാസി ഇന്ത്യക്കാരായ ദമ്പതികള്‍ക്കു പിറന്ന കുഞ്ഞിന് യുഎഇ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഒമ്പതു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനു വേണ്ടി സര്‍ക്കാര്‍ നിയമം 'ലംഘിച്ചത്'. പിതാവും ഹിന്ദുമത വിശ്വാസിയും മാതാവ് മുസ്ലിമും ആയതാണ് ഈ കുഞ്ഞിന് വിനയായിരുന്നത്. യുഎഇയിലെ പ്രവാസികളുടെ വിവാഹ നിയമ പ്രകാരം ഒരു മുസ്ലിം സ്ത്രീക്ക് ഇതര മതവിശ്വാസിയായ പുരുഷനെ വിവാഹം ചെയ്യാന്‍ അനുവാദമില്ല. എന്നാല്‍ മുസ്ലിം പുരുഷന് ഇതര മതത്തില്‍പ്പെട്ട സ്ത്രീയെ വിവാഹം ചെയ്യാം.
ഷാര്‍ജയില്‍ ജോലി ചെയ്യുന്ന മലയാളിയായ കിരണ്‍ ബാബു സനം സാബു സിദ്ധീഖിനെ 2016-ല്‍ കേരളത്തില്‍ വച്ചാണ് വിവാഹം ചെയ്തത്. 2018-ല്‍ ഇവര്‍ക്ക് കുഞ്ഞു പിറന്നതോടെയാണ് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നിയമതടസ്സമുണ്ടെന്നറിയുന്നത്. ഇന്‍ഷൂറന്‍സ് ഉള്ളതിനാല്‍ അബുദബിയിലെ ആശുപത്രിയിലാണ് പ്രസവം നടന്നത്. എന്നാല്‍ ഞാന്‍ ഹിന്ദുവാണെന്ന കാരണത്താല്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് നിരസിക്കുകയായിരുന്നു-ബാബു പറയുന്നു. ഇതു നിയമപരമായി കുഞ്ഞിന് യുഎഇയില്‍ കഴിയാനുള്ള രേഖകള്‍ ലഭിക്കാനും തടസമായി. തുടര്‍ന്ന് പൊതുമാപ്പ് കാലത്ത് നാട്ടിലേക്കു തിരിക്കാന്‍ ശ്രമം നടത്തിയെങ്കിലും കുട്ടിയുടെ ജനനം തെളിയിക്കുന്ന രേഖകള്‍ ഇല്ലാത്തതിനാല്‍ അതും നിരസിക്കപ്പെട്ടു. തുടര്‍ന്ന് എംബസിയുടെ സഹായത്തോടെയാണ് ജനന സര്‍ട്ടിഫിക്കറ്റിനുള്ള ശ്രമങ്ങള്‍ നടത്തിയത്.
നിയമ വകുപ്പ് ഈ കേസ് വേറിട്ട ഒന്നായി പരിഗണിക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍ദേശ പ്രകാരം പുതിയ അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുകയും ചീഫ് ജസ്റ്റിസ് ഇത് അനുവദിക്കുകയും ചെയ്തു. ശേഷം ആരോഗ്യ വകുപ്പ് ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ചുവെന്നും ബാബു പറഞ്ഞു. ഏപ്രില്‍ 14നാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഇതു ലഭിച്ചതോടെ കുഞ്ഞിനേയും അമ്മയേയും കേരളത്തിലേക്ക് അയച്ചു. ഈ കേസിലെ കോടതി നടപടി ഇനി തുടര്‍ന്നുള്ള ഇത്തരം കേസുകളിലും മിശ്രവിവാഹിതരായ പ്രവാസി ദമ്പതികള്‍ക്ക്് തുണയാകും.