ഭോപാല്‍- മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഭോപാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞ ഠാക്കൂര്‍ പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് തവലന്‍ മസൂദ് അസ്ഹറിനെ ശപിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാനെതിരായ മിന്നലാക്രമണം ആവശ്യമായി വരില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്. മാലെഗാവ് സ്‌ഫോടനക്കേസ് തെളിയിച്ച മുന്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് തന്റെ ശാപമേറ്റാണെന്ന പ്രജ്ഞയുടെ പ്രസ്താവനയെ പരിഹസിച്ചാണ് എതിര്‍ സ്ഥാനാര്‍ത്ഥിയായ ദിഗ്‌വിജയ സിങിന്റെ പ്രതികരണം. ഭോപാലില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷിയായി ആദരിക്കുന്ന കര്‍ക്കരെയെ ശപിച്ചിരുന്നുവെന്ന് പ്രജ്ഞ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ പാക് ഭീകരനായ മസൂദ് അസ്ഹറിനെ ശപിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാനെതിരെ മിന്നലാക്രമണത്തിന്റെ ആവശ്യം തന്നെ വരില്ലായിരുന്നു- സിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേയും സിങ് ആഞ്ഞടിച്ചു. നരകത്തില്‍ ചെന്ന് ഒളിച്ചാലും ഭീകരരെ പിന്തുടര്‍ന്ന് പിടികൂടുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പുല്‍വാമ, പത്താന്‍കോട്ട്, ഉറി ആക്രമണങ്ങള്‍ നടക്കുമ്പോള്‍ അദ്ദേഹം എവിടെയായിരുന്നു എന്നാണ് ചോദിക്കാനുള്ളത്. ഈ ആക്രമണങ്ങളെ എന്തു കൊണ്ട് തടയാന്‍ കഴിഞ്ഞില്ലെന്നും സിങ് ചോദിച്ചു.
ഹിന്ദുക്കള്‍ അപകടത്തിലാണെന്നും ഹിന്ദുക്കള്‍ ഒന്നിക്കണമെന്നുമാണ് ഇവര്‍ പറയുന്നത്. ഈ രാജ്യം 500 വര്‍ഷം ഭരിച്ചത് മുസ്ലിംകളാണെന്നും അവര്‍ ഒരു മതത്തേയും ആക്രമിച്ചിട്ടില്ലെന്നും ഇക്കൂട്ടര്‍ ഓര്‍ക്കണം. മതം വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ജാഗ്രത കാട്ടണമെന്നും സിങ് ആവശ്യപ്പെട്ടു. നമ്മുടെ മതത്തില്‍ ഹര്‍ ഹര്‍ മാധവ് എന്നു ജപിക്കാറുണ്ട്. എന്നാല്‍ ബിജെപിക്കാല്‍ ഹര്‍ ഹര്‍ മോഡി എന്നു പറയുമ്പോള്‍ നമ്മുടെ മതവികാരം മുറിപ്പെടുന്നു. ഗുഗ്‌ളില്‍ ഫെക്കു എന്നടിച്ചാല്‍ ആരുടെ ചിത്രമാണ് വരികയെന്നും നമുക്കെല്ലാവര്‍ക്കും അറിയാം- സിങ് മോഡിയെ കൊട്ടി. മേയ് 12-നാണ് ഭോപാലില്‍ വോട്ടെടുപ്പ്.