വാഷിങ്ടണ്‍- കാലിഫോര്‍ണിയയില്‍ ജൂത ആരാധാനാലയത്തില്‍ ഒരാളെ വെടിവെച്ചു കൊല്ലുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍പിക്കുകയും ചെയ്ത അക്രമി ന്യൂസിലാന്‍ഡില്‍ മുസ്ലിം പള്ളികളില്‍ ഭീകരാക്രമണം നടത്തി 50 പേരെ കൊലപ്പെടുത്തിയ വംശവെറിയനെ പ്രകീര്‍ത്തിച്ചു.
എ.എഫ്.പി വാര്‍ത്താ ഏജന്‍സിക്കെഴുതിയ തുറന്ന കത്തിലാണ് ന്യൂസിലാന്‍ഡില്‍ ആക്രമണം നടത്തിയ ബ്രെന്‍ടണ്‍ ടാറന്റിനേയും ആറുമാസം മുമ്പ് നടന്ന ട്രീ ഓഫ് ലൈഫ് ആക്രമണത്തിന്റെ സൂത്രധാരന്‍ റോബര്‍ട്ട് ബൊവേഴ്‌സിനേയും സ്തുതിച്ചത്. വെള്ളക്കാരുടെ വംശവെറി പ്രകടിപ്പിക്കുന്നതാണ് സിനഗോഗില്‍ വെടിവെപ്പ് നടത്തിയ 19 കാരനായ ജോണ്‍ ഏണസ്റ്റിന്റെ തുറന്ന കത്ത്.
അതിനിടെ, അമേരിക്ക ജൂത സമൂഹത്തോടൊപ്പം ഉറച്ചുനില്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. സിനഗോഗില്‍ പ്രാര്‍ഥനക്കിടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ രാജ്യം മുഴുവന്‍ ദുഃഖിക്കുകയാണ്. സെമറ്റിക്ക് വിരുദ്ധതയും വെറുപ്പും പരാജയപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
സാന്‍ഡീഗോക്ക് വടക്ക് പൊവേ പട്ടണത്തില്‍ പിറ്റ്‌സ്ബര്‍ഗ് ട്രീ ഓഫ് ലൈഫ് സിനഗോഗില്‍ 11 പേരെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിന് ആറു മാസം പൂര്‍ത്തിയായ ദിവസമാണ് കാലിഫോര്‍ണിയയിലെ ആക്രമണം.