പനജി- ഗോവയില്‍ വിനോദത്തിനെത്തിയ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള 25കാരിയെ ഹോട്ടല്‍ മുറിയില്‍ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന ബോയ്ഫ്രണ്ടിനെ കാണാനില്ലെന്നും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട അല്‍ക സൈനി എന്ന യുവതിയും കാമുകനും ഏപ്രില്‍ 20നാണ് നോര്‍ത്ത് ഗോവയിലെ കടലോര ഗ്രാമമായ അര്‍പോറയിലെ ഒരു റിസോര്‍ട്ടില്‍ മുറിയെടുത്തത്. കാമുകനെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ഹോട്ടലിലെ ശുചീകര ജീവനക്കാര്‍ മുറി വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് അല്‍ക്കയെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയില്‍ കഴുത്തിന് കുത്തേറ്റതായി കണ്ടെത്തി. മൃതദേഹം ഗോവ മെഡിക്കല്‍ കോളെജിലേക്കു മാറ്റിയിരിക്കുകയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ രണ്ടു പേര്‍ അല്‍ക്കയുടെ മുറിയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യമുണ്ട്. ഈ രണ്ടു പേര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.