ചെന്നൈ- ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ചെന്നൈയില്‍നിന്ന് 1250 കിലോമീറ്ററും ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്തുനിന്ന് 880 കിലോമീറ്ററും ദൂരത്തില്‍ രൂപംകൊണ്ട ഫാനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് തീരം ലക്ഷ്യമാക്കി നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 170 കിലോമീറ്റര്‍വരെ വേഗത്തില്‍ ഫാനി വീശാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു.
വടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ തമിഴ്നാട്, ആന്ധ്ര തീരത്തോട് അടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മണിക്കൂറുകളില്‍ കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുകയും ചൊവ്വാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഫാനിയുടെ സ്വാധീനത്തില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി.