ജിദ്ദ- ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ (ഇഖാമ) എത്ര ടെലിഫോണ്‍ നമ്പറുകളും ഡാറ്റ സിമ്മുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയാന്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ ഏര്‍പ്പെടുത്തിയതാണ് മൈ നമ്പര്‍ സര്‍വീസ്.
രാജ്യത്തെ ടെലിക്കോം സര്‍വീസ് ദാതാക്കളുടെ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന തങ്ങളുടെ നമ്പറുകള്‍ നിരീക്ഷിക്കാനും അനുമതിയില്ലാതെ ടെലിക്കോം കമ്പനികള്‍ വേറെ നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നറിയാനും ഈ സേവനം ഉപഭോക്താക്കളെ സഹായിക്കുന്നു.
ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനും ദുരുപയോഗം തടയാനും പ്രതിജ്ഞാബദ്ധമാണെന്ന് കമ്മീഷന്‍ അവകാശപ്പെടുന്നു. തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും അതില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറും നല്‍കിയാല്‍ ഏതൊക്കെ കമ്പനികളില്‍ എത്ര ഫോണുകള്‍ ഉപഭോക്താവിന്റെ ഇഖാമയിലുണ്ടെന്ന വിവരങ്ങള്‍ ലഭിക്കും. ടെലിക്കോം വരിക്കാരനല്ലെങ്കില്‍ ഇഖാമ നമ്പര്‍ മാത്രം നല്‍കിയും പരിശോധിക്കാം.
അനുമതിയില്ലാതെ ഏതെങ്കിലും ടെലിക്കോം കമ്പനി ടെലിഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ സിഐടിസി വെബ് സൈറ്റില്‍ തന്നെയുള്ള ലിങ്ക് വഴി ഉപഭോക്താവിന് അനധികൃത നമ്പറുകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെടാം. ബന്ധപ്പെട്ട കമ്പനി അഞ്ച് ദിവസത്തിനകം നമ്പര്‍ ഒഴിവാക്കിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ സിഐടിസി സ്വീകരിക്കും.
ഐ.ഡി നമ്പറും മൊബൈല്‍ നമ്പറുമാണ് വിവരങ്ങള്‍ അന്വേഷിക്കുന്നതിന് ചേര്‍ക്കേണ്ടത്. ഇതിനുശേഷം കാപ്ച കോഡ് കൂടി നല്‍കിയാല്‍ മൊബൈല്‍ നമ്പറിലേക്ക് മറ്റൊരു കോഡ് വരും. ഈ നമ്പര്‍ ചേര്‍ക്കുന്നതോടെ നിങ്ങളുടെ പേരിലുള്ള കണക്്ഷനുകള്‍ വെബ്‌സൈറ്റ് പ്രദര്‍ശിപ്പിക്കും. ചിലപ്പോള്‍ അല്‍പസമയം കാത്തിരിക്കേണ്ടി വരും. സൗദി ടെലിക്കോം, മൊബൈലി, സെയിന്‍ തുടങ്ങിയ ദാതാക്കളില്‍നിന്ന് വിവരങ്ങള്‍ ലഭിക്കാനാണ് ഈ താമസമെന്ന് സിഐടിസി വിശദീകരിക്കുന്നു.
നിങ്ങളുടെതല്ലാത്ത നമ്പറുകള്‍ റദ്ദാക്കാന്‍ ബന്ധപ്പെട്ട കമ്പനികളിലെ കസ്റ്റമര്‍ കെയര്‍ നമ്പറിലും ബന്ധപ്പെടാം. എസ്.ടി.സി-900, മൊബൈലി-1100, സെയിന്‍-959, ഫ്രന്‍ഡി-166000, വിര്‍ജിന്‍-1789.