അഹമ്മദാബാദ്-സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്തൃ വീട്ടുകാര്‍ ആട്ടി പുറത്താക്കിയ കോമള്‍ സ്ത്രീധനം സമ്പാദിച്ചല്ല, ഐ.എ.എസ് ബിരുദം നേടിയാണ് ശക്തമായ മറുപടി കൊടുത്തത്.
വിവാഹം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ തന്നെ കോമളിനെ ഉപേക്ഷിച്ച് ന്യൂസിലന്‍ഡിലേക്ക് പോയ ഭര്‍ത്താവ് തനിക്ക് പറ്റിയ ചരിത്ര മണ്ടത്തരമോര്‍ത്ത് ദിവസങ്ങളെണ്ണിത്തീര്‍ക്കുകയാണിപ്പോള്‍. ഭര്‍ത്താവ് ഉപക്ഷിച്ചപ്പോള്‍ കരഞ്ഞ് ജീവിതം തീര്‍ക്കാതെ പഠിച്ച് മുന്നേറി ഉന്നത പദവിയിലെത്തിയ കോമള്‍ ഗണാത്ര യുവ സമൂഹത്തിനാകെ മാതൃകയാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ പൊലീസിനും ന്യൂസിലാന്‍ഡ് ഗവര്‍ണര്‍ ജനറലിനുവരെ കത്തയച്ചെങ്കിലും കോമളിന് നീതി ലഭിച്ചിരുന്നില്ല.
സിവില്‍ സര്‍വ്വീസ് പഠനത്തിന് പണം കണ്ടെത്താന്‍ തന്റെ ഗ്രാമത്തിലെ ഒരു വിദ്യാലയത്തില്‍ മാസം 5000 രൂപ ശമ്പളത്തില്‍ ജോലി ചെയ്തു. അദ്ധ്യാപക ജോലിയുടെ ഇടവേളകളില്‍ ലഭിക്കുന്ന രണ്ട് ദിവസം കൊണ്ടു പഠിക്കുക എന്നത് ഏറെ ദുഷ്‌കരമായിരുന്നു.
തിങ്കള്‍ മുതല്‍ വെള്ളി വരെ സ്‌കൂളില്‍ പഠിപ്പിച്ച ശേഷം ആഴ്ചയുടെ അവസാനം അഹമ്മദാബാദിലെ സിവില്‍ സര്‍വ്വീസ് അക്കാദമിയിലേക്ക് കോമള്‍ വണ്ടി കയറി. അവിടുത്തെ അക്കാദമികളിലൊന്നിലായിരുന്നു പഠനം. ആദ്യത്തെ രണ്ട് പരിശ്രമങ്ങളും പരാജയപ്പെട്ടിട്ടും കോമള്‍ തകര്‍ന്നില്ല. വീണ്ടും വര്‍ദ്ധിച്ച വീര്യത്തിലൂടെ പരിശ്രമിച്ചു. അവസാന ശ്രമത്തില്‍ മുംബൈ ആയിരുന്നു സെന്റര്‍. ഈ ശ്രമത്തില്‍ അവര്‍ വിജയിക്കുക തന്നെ ചെയ്തു.
ഇപ്പോള്‍ ന്യൂഡല്‍ഹിയില്‍ പ്രതിരോധ മന്ത്രാലയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. പുനര്‍വിവാഹിതയായി മക്കളോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്ന കോമള്‍ ഗണാത്രയ്ക്ക് പറയാനുള്ളത് ഒന്ന് മാത്രം. 'ജീവിതത്തില്‍ എന്തൊക്കെ പ്രതിസന്ധി ഉണ്ടായാലും തളരരുത്, കരുത്തോടെ മുന്നാട്ട് പോകുക. അംഗീകാരം നിങ്ങളെ തേടിയെത്തും'