നാഗ്പൂര്‍- വെള്ളിയാഴ്ച ഏറ്റവും ചൂട് രേഖപ്പെടുത്തിയ മേഖലകളില്‍ ഒന്ന് മധ്യ ഇന്ത്യയാണ്. എല്‍ദാര്‍ദോ വെബ്‌സൈറ്റില്‍ രാത്രി 7. 30ന് രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 15 നഗരങ്ങളില്‍ ലോകത്തിലെ ഏറ്റവും കൂടിയ ചൂടാണ് ഇന്നലെയുണ്ടായത്. മധ്യ ഇന്ത്യയിലും സമീപ പ്രദേശങ്ങളിലെയും കണക്കെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചൂട് 46.6 ഡിഗ്രി സെല്‍ഷ്യസോടെ മധ്യപ്രദേശിലെ ഖാര്‍ഗോണിലാണ്. 46.4 ഡിഗ്രി സെല്‍ഷ്യസ് ചൂടോടെ വിദര്‍ഭയിലെ അകോലയാണ് രണ്ടാം സ്ഥാനത്ത്. 15 നഗരങ്ങളില്‍ 9 എണ്ണം മഹാരാഷ്ട്രയിലാണ്, മൂന്നെണ്ണം മധ്യപ്രദേശില്‍, രണ്ടെണ്ണം ഉത്തര്‍പ്രദേശ്, ഒരെണ്ണം തെലങ്കാന എന്നിങ്ങനെയാണെന്ന് വെബ്‌സൈറ്റില്‍ പറയുന്നു. 45.2 ഡിഗ്രി സെല്‍ഷ്യസുമായി നാഗ്പൂര്‍ ലോകത്തിലെ ചൂടേറിയ ഒന്‍പതാമത്തെ നഗരമാണ്. വിദര്‍ഭ മേഖലയില്‍ 45 ഡിഗ്രി സെല്‍ഷ്യല്‍സ് കടന്ന മറ്റു നഗരങ്ങള്‍ അമരാവതി, ബ്രഹ്മപുരി, ചന്ദ്രപൂര്‍, വാര്‍ധ എന്നിവയാണ്.
വരുന്ന 5 ദിവസം വിദര്‍ഭ ജില്ലയിലെ അകോല അടക്കം അമരാവതി, ചന്ദ്രപൂര്‍, നാഗ്പൂര്‍, യവത്മല്‍, വാര്‍ധ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായ ചൂടുകാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. . ഈ കാലയളവില്‍ ജില്ലകളിലെ പരമാവധി ഊഷ്മാവ് 45 ഡിഗ്രി മുതല്‍ 47 ഡിഗ്രിയാണ് പ്രതീക്ഷിക്കുന്നത്.