ന്യൂദല്‍ഹി- അത്യാവശ്യമല്ലെങ്കില്‍ ശ്രീലങ്കയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണങ്ങള്‍ക്കുശേഷം സംഘര്‍ഷം തുടരുന്നതിനാലാണ് മുന്നറിയിപ്പ്. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് അത്യാവശ്യമല്ലാത്ത യാത്രകള്‍ നടത്തരുതെന്ന് വിദേശകാര്യ മന്ത്രാലയമാണ് നിര്‍ദേശിച്ചത്.
നിശാ കര്‍ഫ്യൂ അടക്കം അടിയന്തരാവസ്ഥ തുടരുന്നതിനാല്‍ ശ്രീലങ്കക്കകത്ത് യാത്രക്ക് തടസ്സം നേരിടുമെന്നും അറിയിപ്പില്‍ പറയുന്നു. ശ്രീലങ്കയുടെ എല്ലാ ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എല്ലായിടത്തും പരിശോധനകളും നടക്കുന്നു.
ഒഴിച്ചുകൂടാനാവാത്ത അടിയന്തര യാത്രകള്‍ ആവശ്യമാണെങ്കില്‍ കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായോ കാന്‍ഡിയിലെ അസി. ഹൈക്കമ്മീഷനുമായോ കോണ്‍സുലേറ്റുകളുമായോ ബന്ധപ്പെടണം. ഹൈക്കമ്മീഷനും കോണ്‍സുലേറ്റുകളും അടിയന്തര സഹായം നല്‍കും. ടെലിഫോണ്‍ നമ്പറുകള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ വെബ് സൈറ്റിലുണ്ട്.