ലോസ് ആഞ്ചലസ്- നോര്‍ത്തേണ്‍ കാലിഫോര്‍ണിയയില്‍ ചൊവ്വാഴ്ച ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ചത് മനപ്പൂര്‍വമായിരുന്നെന്ന് സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതി മുന്‍ യുഎസ് സൈനികന്‍ ഇസാഇയ ജോയല്‍ പീപ്പിള്‍സ് വെളിപ്പെടുത്തി. വസ്ത്രധാരണ രീതി കണ്ട് മുസ്ലിംകളാണെന്നു കരുതിയാണ് ഇവര്‍ക്കു നേരെ കാര്‍ ഇടിച്ചു കയറ്റിയതെന്ന് പ്രതി പീപ്പിള്‍സ് വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.. ഇതു വിദ്വേഷ ആക്രമണമായിരുന്നുവെന്നും മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു. റോഡു മുറിച്ചു കടക്കുകയായിരുന്നവര്‍ക്കു നേരേയാണ് പ്രതി കാര്‍ ഇടിച്ചു കയറ്റിയത്. അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒരു പിതാവും രണ്ടു മക്കളും ഇവരിലുള്‍പ്പെടും. ഇവരുടെ മതവിശ്വാസം സംബന്ധിച്ച വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
എട്ടു വധശ്രമക്കുറ്റം ചുമത്തിയാണ് പീപ്പിള്‍സിനെതിരെ കേസെടുത്തിരിക്കുന്നത്. ഓരോ കുറ്റവും ജീവപര്യന്തം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്. ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തില്‍ ജോലി ചെയ്ത മുന്‍ സൈനികനാണ് പ്രതി പീപ്പിള്‍സ്. ആള്‍ക്കൂട്ടത്തിലേക്കു കാര്‍ ഇടിച്ചു കയറ്റിയ ശേഷം ഇയാള്‍ 'ഐ വല് യു ജീസസ്' എന്നു അവ്യക്തമായി പറഞ്ഞു കൊണ്ടിരുന്നതായി ഒരു ദൃക്‌സാക്ഷി പറഞ്ഞെന്ന് മെര്‍കുറി ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. 2004 മുതല്‍ 2009 വരെയാണ് ഇയാള്‍ യുഎസ് സൈന്യത്തില്‍ ജോലി ചെയ്തത്. ഒരു വര്‍ഷത്തോളം ഇറാഖിലെ യുദ്ധ മേഖലയിലായിരുന്നു. സൈനിക സേവനത്തിനു ശേഷം പ്രതിയുടെ മാനസിക നില തെറ്റിയിരുന്നതായി സഹോദരന്‍ ജോഷ്വ പീപ്പിള്‍സ് പറഞ്ഞതായി സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്ക്ള്‍ റിപോര്‍ട്ട് ചെയ്യുന്നു.