കൊളംബോ- ശ്രീലങ്കയില്‍ ഭീകരാക്രമമത്തില്‍ പങ്കുള്ളവര്‍ക്കായി വെള്ളിയാഴ്ച രാത്രി നടത്തിയ തിരച്ചലിനിടെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന നാലു ഭീകരരെ വധിച്ചു. കലുമുനൈ ടൗണിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യവും പോലീസും അടങ്ങുന്ന സംയുക്ത സേന നടത്തിയ റെയ്ഡിനിടെ ഭീകരര്‍ വെടിയുതിര്‍ത്തു. തിരിച്ചു സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ രണ്ടു തോക്കുധാരികള്‍ കൊല്ലപ്പെട്ടു. ഈ വെടിവെപ്പില്‍ ഒരു സിവിലയനും കൊല്ലപ്പെട്ടതായി സേന അറിയിച്ചു. പിന്നീട് ശനിയാഴ്ച രാവിലെ ഇവിടെ നടത്തിയ തെരച്ചലിലാണ് നാലു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇവര്‍ ചാവേറുകളാണെന്ന് സംശയിക്കുന്നതായി സേന പറഞ്ഞു.
ഈസ്റ്റര്‍ ദിനത്തിലുണ്ടായ ബോംബ് സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇവിടെ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഓപറേഷന്‍. ഭീകരാക്രമണത്തിനു മുമ്പ് ഐഎസ് തലവന് പിന്തുണ പ്രഖ്യാപിച്ച ഭീകരര്‍ വിഡിയോ ചിത്രീകരിച്ചത് ഇവിടെ വച്ചാണെന്ന് കരുതപ്പെടുന്നു. ഇവിടെ നിന്നും 150 ഡൈനാമിറ്റുകള്‍, ഒരു ലക്ഷത്തോളം ബാള്‍ ബിയറിങുകല്‍, ഐഎസ് കൊടി, ഭീകരാക്രമണം നടത്തിയ ഭീകര്‍ ധരിച്ചതു പോലുള്ള വസ്ത്രങ്ങള്‍ എന്നിവയും കണ്ടെടുത്തതായി സേന പറഞ്ഞു.