ന്യൂദല്‍ഹി- രാജ്യത്ത് തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നുവെന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ റിപോര്‍ട്ടുകള്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം ബിജെപിക്കെതിരായ അവരുടെ അജണ്ടയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരോപിച്ചു. കോണ്‍ഗ്രസിന്റെ അജണ്ട മാധ്യമങ്ങള്‍ ഏറ്റുപിടിച്ചുവെന്നും ആജ് തക്കിനു നല്‍കിയ അഭിമുഖത്തില്‍ മോഡി പറഞ്ഞു. ഇന്ത്യാ ടുഡെ നടത്തിയ സര്‍വേയിലും തൊഴിലില്ലായ്മയാണ് ഇന്ത്യക്കാരുടെ ഏറ്റവും വലിയ ആശങ്കയായി കണ്ടെത്തിയതെന്ന് ചൂണ്ടിക്കാട്ടിയപ്പോല്‍ നാസ്‌കോം, സിഐഐ റിപോര്‍ട്ടുകള്‍ മറിച്ചാണ് പറയുന്നത് എന്നായിരുന്നു മോഡിയുടെ മറുപടി. രാജ്യത്ത് തൊഴിലവസരം വര്‍ധിച്ചുവെന്നാണ് ഇവയിലുള്ളതെന്ന് മോഡി പറഞ്ഞു.
ഓരോ വര്‍ഷവും 2.5 കോടിയോളം പേര്‍ക്ക് തൊഴിവസരം ലഭിക്കുന്നുവെന്ന് ഇപിഎഫ്ഓ കണക്കുകള്‍ പറയുന്നു. 4.5 കോടിയോളം പേര്‍ക്ക് മുദ്ര യോജന വഴി ബാങ്ക് വായ്പ വിതരണം ചെയ്തു. റോഡുകള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കില്‍ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നില്ല എന്നാണോ?- മോഡി ചോദിച്ചു. ഗ്രാമങ്ങളില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളിലാണ് ബിജെപി പ്രകടന പത്രി ശ്രദ്ധയൂന്നിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.