ജിദ്ദ - ദക്ഷിണ ജിദ്ദയിലെ അൽസ്വവാരീഖ് സൂഖിൽ (ഹറാജ്) നഗരസഭയും വാണിജ്യ, നിക്ഷേപ മന്ത്രാലയവും പോലീസും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും സിവിൽ ഡിഫൻസും സൗദി ഇലക്ട്രിസിറ്റി കമ്പനിയും സഹകരിച്ച് നടത്തിയ റെയ്ഡിൽ ഏതാനും സ്ഥാപനങ്ങൾ അടപ്പിച്ചു.
ആരോഗ്യ സുരക്ഷാ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ഹറാജിൽ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് ഒമ്പതു സ്ഥാപനങ്ങൾ റെയ്ഡിനിടെ അടപ്പിച്ചു. സ്ഥാപന ഉടമകൾക്ക് പിഴ ചുമത്തി. കാലാവധി തീർന്നതും കേടായതും ഉപയോഗശൂന്യവുമായ എട്ടു ടൺ ഭക്ഷ്യവസ്തുക്കൾ റെയ്ഡിനിടെ പിടിച്ചെടുത്തു. നിയമ ലംഘകർ വിൽപനക്ക് പ്രദർശിപ്പിച്ചിരുന്ന 32 കാർട്ടൺ ചിപ്‌സും 12 കിലോ മസാലയും ഏഴു കാർട്ടൺ ജ്യൂസും റെയ്ഡിനിടെ പിടിച്ചെടുത്തു. പാവങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നതിന് ഇവ പിന്നീട് സന്നദ്ധ സംഘടനക്ക് കൈമാറി.
അൽമലീസാ ബലദിയയും പോലീസും സഹകരിച്ച് അൽസുറൂർ ഡിസ്ട്രിക്ടിലെ ആക്രി കടകളിൽ നടത്തിയ മറ്റൊരു റെയ്ഡിനിടെ പതിനേഴു നിയമ ലംഘകർ പിടിയിലായി. ചെമ്പു കമ്പികൾ അടക്കമുള്ള വിലപിടിച്ച വസ്തുക്കൾ പുറത്തെടുക്കുന്നതിന് മാലിന്യങ്ങളും ആക്രികളും കത്തിച്ചവരാണ് പിടിയിലായത്. ആക്രികൾ ശേഖരിക്കുന്നതിന് മാലിന്യങ്ങൾ കത്തിച്ച രണ്ടു സ്ഥാപനങ്ങൾ അടപ്പിച്ചു. അഞ്ചു ലോറികളും വെൽഡിംഗിന് ഉപയോഗിക്കുന്ന 31 ഗ്യാസ് സിലിണ്ടറുകളും ആക്രികൾ കത്തിക്കുന്നതിന് ഉപയോഗിച്ചിരുന്ന 53 ഗ്യാസ് സിലിണ്ടറുകളും റെയ്ഡിനിടെ പിടിച്ചെടുത്തു.