റിയാദ് - സൗദി അറാംകൊയുടെ ഓഹരികളിൽ ഒരു ഭാഗം ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽപന നടത്താനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് കമ്പനി സി.ഇ.ഒ എൻജിനീയർ അമീൻ അൽനാസിർ വെളിപ്പെടുത്തി.
ധനമേഖലാ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അറാംകൊ സി.ഇ.ഒ. സൗദി അറാംകൊയുടെ അഞ്ചു ശതമാനം ഓഹരികൾ വിൽപന നടത്തുന്നതിനാണ് പദ്ധതി. സൗദി അറേബ്യ വൈകാതെ ഗ്യാസ് കയറ്റുമതി ആരംഭിക്കും. ഈ വർഷം സൗദി അറാംകൊ കൂടുതൽ ബോണ്ടുകൾ പുറത്തിറക്കില്ല. സൗദി അറാംകൊക്ക് മൂഡീസ് സാധ്യമായതിൽ ഏറ്റവും ഉയർന്ന ക്രെഡിറ്റ് റേറ്റിംഗ് നൽകിയിട്ടുണ്ട്.
സൗദി അറേബ്യൻ ബേസിക് ഇൻഡസ്ട്രീസ് കോർപറേഷൻ (സാബിക്) ഓഹരികൾ സ്വന്തമാക്കുന്നതിനുള്ള ഇടപാട് പൂർത്തിയായ ശേഷം അറാംകൊ ഓഹരികൾ വിൽപന നടത്തുന്ന സമയം ഓഹരിയുടമകൾ തീരുമാനിക്കും. സാബിക് ഓഹരിയിടപാട് പൂർത്തിയാക്കുന്നതിന്, കുത്തകവൽക്കരണ വിരുദ്ധ ഏജൻസിയായ കോംപറ്റീഷൻ അതോറിറ്റിയുടെ അനുമതി ലഭിക്കുക മാത്രമാണ് ശേഷിക്കുന്നത്. കോംപറ്റീഷൻ അതോറിറ്റിയുടെ അനുമതി ലഭിക്കുന്നതിന് ആറു മാസം മുതൽ ഒരു വർഷം വരെ സമയമെടുക്കുമെന്നും എൻജിനീയർ അമീൻ അൽനാസിർ പറഞ്ഞു.
കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി(സാമ)യുടെ പക്കലുള്ള വിദേശ നാണ്യ ശേഖരത്തിൽ കഴിഞ്ഞ മാസം 5,000 കോടിയിലേറെ റിയാലിന്റെ വർധനവുണ്ടായതായി സാമ ഗവർണർ അഹ്മദ് അൽഖുലൈഫി പറഞ്ഞു. മാർച്ച് അവസാനത്തോടെ സാമയുടെ പക്കലുള്ള വിദേശ നാണ്യശേഖരം 50,000 കോടി ഡോളർ (1,87,500 കോടി റിയാൽ) ആയി ഉയർന്നിട്ടുണ്ട്. ഫെബ്രുവരി അവസാനത്തിൽ ഇത് 1,81,720 കോടി റിയാലായിരുന്നു.
ബിസിനസ് വളർച്ചക്കും നിക്ഷേപങ്ങൾക്കും അനുയോജ്യമായ സാഹചര്യമുണ്ടാക്കുന്നതിന് നിയമങ്ങൾ പുനഃപരിശോധിച്ചുവരികയാണെന്ന് സാമ്പത്തിക, ആസൂത്രണ മന്ത്രി മുഹമ്മദ് അൽതുവൈജിരി പറഞ്ഞു. സൗദിയിൽ നിരവധി നിക്ഷേപാവസരങ്ങളുണ്ട്. സൗദിയിലേക്ക് സുസ്ഥിര നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് ലോക രാജ്യങ്ങളുമായി ചർച്ചകൾ തുടരുകയാണ്. വിദേശ നിക്ഷേപകർക്കും സ്വകാര്യ മേഖലക്കും അനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിനാണ് ഏറ്റവും വലിയ മുൻഗണന നൽകുന്നത്.
കഴിഞ്ഞ വർഷം അവസാന പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തിൽ എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കുന്നതിന് സൗദി അറേബ്യക്ക് സാധിച്ചിട്ടുണ്ട്. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവരികയാണ്.
മികച്ച തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിന് ഇപ്പോൾ ഊന്നൽ നൽകുന്നതിന് തുടങ്ങിയിട്ടുണ്ട്. സൗദിവൽക്കരണത്തിന്റെ കണ്ണിലൂടെ മാത്രമല്ല, മറിച്ച്, സ്വകാര്യ മേഖലയെ സമഗ്ര വീക്ഷണകോണിലൂടെയാണ് സർക്കാർ ഇപ്പോൾ നോക്കിക്കാണുന്നത്. പുതിയ നിയമം നിർമിച്ചും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചും പൊതുചെലവുകൾ കുറച്ചും സൗദി അറേബ്യ ഓരോ ദിവസവും പുതിയ പുരോഗതി കൈവരിക്കുന്നുണ്ടെന്നും സാമ്പത്തിക, ആസൂത്രണ മന്ത്രി പറഞ്ഞു.