കൊളംബോ- ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ പിടിച്ചു കുലുക്കിയ ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി ആവശ്യമെങ്കില്‍ പാക്കിസ്ഥാന്റെ സഹായം തേടുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. ഇന്ത്യയിലെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇ-മെയിലില്‍ അയച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയായിരുന്നു. ഭീകരവാദത്തിനെതിരെയുള്ള ശ്രീലങ്കയുടെ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ വലിയ പിന്തുണയാണെന്നും, ആവശ്യമെങ്കില്‍ ഭീകരവാദികളെ കണ്ടുപിടിക്കാനും അവരെ ഇല്ലായ്മ ചെയ്യാനും പാക്കിസ്ഥാന്റെ സഹായം തേടുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇത് ആദ്യമായാണ് ആഗോള തീവ്രവാദികള്‍ ശ്രീലങ്കയില്‍ സംഘട്ടനം നടത്തുന്നതെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു. ഭീകരാക്രമണത്തിന് പിന്നിലെ വിദേശബന്ധത്തെകുറിച്ച് അന്വേഷിക്കുമ്പോള്‍ ഒരു പ്രത്യേക രാജ്യം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി തെളിവുകള്‍ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.