ന്യൂദല്‍ഹി-ബിജെപി നേതാവും ത്രിപുര മുഖ്യമന്ത്രിയുമായ ബിപ്ലവ് ദേബിനെതിരെ ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതി. ന്യൂഡല്‍ഹിയിലെ തീസ് ഹസാരി കോടതിയിലാണ് ബിപ്ലവിന്റെ ഭാര്യ നിതി പരാതി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, വാര്‍ത്ത നിഷേധിച്ച് ബിപ്ലവിന്റെ ഭാര്യ പിന്നീട് രംഗത്തെത്തി. ഇതെല്ലാം രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണെന്ന് അവര്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പേജിലൂടെയാണ് വാര്‍ത്ത നിഷേധിച്ച് നിതിയെത്തിയത്. നിരുപാധിക സ്‌നേഹമാണ് തന്റേതെന്നും അത് ആര്‍ക്കും വിശദീകരിച്ച് നല്‍കേണ്ട ആവശ്യമില്ലെന്നും കുറിപ്പില്‍ പറഞ്ഞു. 2018ലാണ് ബിപ്ലവ് ദേബ് ത്രിപുര മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. നിരവധി വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളിലെ സ്ഥിര സാന്നിധ്യമാണ് ബിപ്ലവ്. ഇന്റര്‍നെറ്റും സാറ്റ്‌ലറ്റും മഹാഭാരത കാലത്ത് തന്നെ നിലനിന്നിരുന്നുവെന്നതാണ് ഏറ്റവും കൂടുതല്‍ വിവാദമായ പ്രസ്താവന. 2001ല്‍ വിവാഹിതനായ ബിപ്ലവിനും നിതിയ്ക്കും ആര്യന്‍, ശ്രേയ എന്നീ രണ്ടു മക്കളുമുണ്ട്.