ന്യൂദല്‍ഹി- ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടി വിദേശത്തേക്ക് രക്ഷപ്പെട്ട ഇന്ത്യന്‍ വജ്ര വ്യാപാരി നീരവ് മോഡിയുടെ റിമാന്‍ഡ് ലണ്ടന്‍ കോടതി 28 ദിവസത്തേക്ക് കൂടി നീട്ടി. 48 കാരനായ നീരവിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമം തുടരുകയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച കേസിലും പണം വെളുപ്പിക്കല്‍ കേസിലുമാണ് ഇയാളെ ഇന്ത്യ ആവശ്യപ്പെടുന്നത്.
കേസില്‍ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി അടുത്ത മാസം 24-ന് വീണ്ടും വാദം കേള്‍ക്കും. പൂര്‍ണതോതിലുള്ള വിചാരണ മെയ് 30-ന് ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി.
മാര്‍ച്ച് 19-ന് അറസ്റ്റിലായ നീരവ് മോഡി സൗത്ത് വെസ്റ്റ് ലണ്ടനിലെ വാണ്ട്‌സ്‌വര്‍ത്ത് ജയിലിലാണ്.
നീരവ് മോഡി സാക്ഷികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മൊബൈല്‍ ഫോണ്‍ അടക്കമുള്ള തെളിവുകള്‍ നശിപ്പിച്ചുവെന്നും കഴിഞ്ഞ മാസം നടന്ന വിചാരണയില്‍ കോടതിയെ അറിയിച്ചിരുന്നു.