ദുബായ്- ഞായറാഴ്ച ശ്രീലങ്കയില്‍ ഭീകരാക്രണത്തില്‍ മരിച്ചവര്‍ക്ക് ദുബായില്‍ അശ്രുപൂജ. സെന്റ് മേരീസ് ചര്‍ച്ചില്‍ സംഘടിപ്പിച്ച അനുസ്മരണത്തില്‍ വിവിധ മതസ്ഥരായ ആയിരത്തോളം പേര്‍ പങ്കെടുത്തു.
സ്‌ഫോടനത്തില്‍ 250 ലധികം പേര്‍ മരിക്കുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രി സിംഹള, തമിഴ് ഭാഷകളില്‍ നടന്ന പ്രാര്‍ഥനയില്‍ ശ്രീലങ്കന്‍ കോണ്‍സല്‍ ജനറല്‍ ചരിത യത്തോഗോഡയും പങ്കെടുത്തു.
പലരുടേയും സുഹൃത്തുക്കളും ബന്ധുക്കളും സ്‌ഫോടനത്തില്‍ മരിച്ചിരുന്നു. കണ്ണീരൊഴുക്കിയാണ് മിക്കവരും പ്രാര്‍ഥിച്ചത്.
ഭീകരവാദത്തിന് മതമില്ലെന്നും അക്രമത്തെ അപലപിക്കുന്നതില്‍ മതഭേദമെന്യേ തങ്ങള്‍ ഒറ്റക്കെട്ടാണെന്നുമുള്ള ശ്രീലങ്കന്‍ പ്രവാസി സമൂഹത്തിന്റെ പ്രഖ്യാപനമായിരുന്നു സെന്റ് മേരീസ് പള്ളിയില്‍ നടന്ന പ്രാര്‍ഥന.