കൊളംബോ- ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സംശയിക്കുന്നതായി യു.എസ് വനിതയുടെ ചിത്രം തെറ്റായി പ്രസിദ്ധീകരിച്ച ശ്രീലങ്കന്‍ പോലീസ് ക്ഷമ ചോദിച്ചു.
ഗ്രന്ഥകാരിയും ഇസ്ലാമിക പ്രവര്‍ത്തകയുമായ അമാറ മജീദിന്റെ ഫോട്ടോയാണ് ശ്രീലങ്കന്‍ പോലീസ് പ്രസിദ്ധീകരണത്തിനു നല്‍കിയിരുന്നത്. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ആക്രമണത്തില്‍ സംശയിക്കുന്ന ഐ.എസുകാരില്‍ തന്നെയും ഉള്‍പ്പെടുത്തിയതു കണ്ടാണ് രാവിലെ ഉണര്‍ന്നതെന്ന് അമാറ മജീദ് ട്വീറ്റ് ചെയ്തു.
ചര്‍ച്ചുകളിലും ഹോട്ടലുകളിലും നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്നുവെന്ന് പറഞ്ഞു പോലീസ് പ്രസിദ്ധീകരണത്തിനു നല്‍കിയ ഫോട്ടോ അമാറ മജീദിന്റേതും പേര് അബ്ദുല്‍ ഖാദര്‍ ഫാത്തിമ ഖാദിയ എന്നുമായിരുന്നു. ബാള്‍ട്ടിമോറില്‍ ജനിച്ച അമാറ മജീദിന്റെ മാതാപിതാക്കള്‍ ശ്രീലങ്കന്‍ വംശജരാണ്.
കുടുംബങ്ങളേയും സമുദായത്തേയും തകര്‍ക്കുന്ന ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നതിനു മുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്ന് അമാറ മജീദ് അഭ്യര്‍ഥിച്ചു. താന്‍ ഉള്‍പ്പെടുന്ന സമുദായം ഇപ്പോള്‍ തന്നെ നിരീക്ഷണത്തിനു വിധേയമാണെന്നും അതിനിടയിലാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ട്വിറ്ററില്‍ അമാറ പ്രതികരിച്ചതിനു പിന്നാലെയാണ് ഫോട്ടോയിലുള്ള വ്യക്തിയെ പോലീസ് അന്വേഷിക്കുന്നില്ലെന്നും ചോദ്യം ചെയ്യേണ്ടതില്ലെന്നും ശ്രീലങ്കന്‍ പോലീസ് ക്ഷമാപണ പ്രസ്താവന നല്‍കിയത്.
ഈസ്റ്റര്‍ ദിനത്തില്‍ ഒമ്പത് പേര്‍ ചാവേറുകളായെന്നാണ് പോലീസ് സംശയിക്കുന്നത്. ഡസന്‍ കണക്കിനാളുകള്‍ അറസ്റ്റിലായെങ്കിലും ശ്രീലങ്കയിലെ സ്ഥിതി സങ്കീര്‍ണമായി തുടരുകയാണ്.
ശ്രീലങ്കയിലെ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയതെന്ന് പറയുന്ന അധികൃതര്‍ ഇവര്‍ക്ക് പുറമേ നിന്നുള്ള സഹായം ലഭിച്ചിരുന്നുവെന്നും പറയുന്നു. തങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് ഐ.എസ് വ്യക്തമായെങ്കിലും വ്യക്തമായ തെളിവൊന്നും മുന്നോട്ടുവെച്ചിട്ടില്ല.
ഹിജാബ് പദ്ധതി സ്ഥാപിച്ച് പതിനാറാം വയസ്സില്‍ തന്നെ മാധ്യമ ശ്രദ്ധ നേടിയിരുന്നു അമാറ മജീദ്. മുസ്ലിംകളേയും അല്ലാത്തവരേയും ഹിജാബ് ധരിക്കാനും അതിന്റെ അനുഭവം സമൂഹമാധ്യമങ്ങളില്‍ നല്‍കാനും പ്രേരിപ്പിക്കുന്നതായിരുന്നു ഹിജാബ് പദ്ധതി. 2015 ല്‍ പ്രചോദിപ്പിക്കുന്നവരും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നവരുമായ 100 വനിതകളെ ബി.ബി.സി തെരഞ്ഞെടുത്തപ്പോള്‍ ്തില്‍ അമാറ മജീദുമുണ്ടായിരുന്നു.
അമേരിക്കക്കാരുടെ ഭീതിയും വിഭ്രാന്തിയും മുതലെടുക്കാനാണ് ഡോണള്‍ഡ് ട്രംപ് ശ്രമിക്കുന്നതെന്ന് കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ അമാറ മജീദ് തുറന്ന കത്തെഴുതിയിരുന്നു.
നിങ്ങളടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്ന വെറുപ്പ് തുറന്നു കാണിക്കാനും മുസ്ലിംകള്‍ക്കെതിരായ മുന്‍വിധികള്‍ തുറന്നു കാണിക്കാനും ശ്രമിക്കുമെന്നാണ് ബ്രൗണ്‍ യൂനിവേഴ്‌സിറ്റിയിലെ പഠനം പൂര്‍ത്തിയാക്കിയ അമാറ ട്രംപിന് എഴുതിയിരുന്നത്. ദ ഫോറിനേഴ്‌സ്, ടു കോമ്പാറ്റ് സ്റ്റീരിയോടൈപ്പ്‌സ് എബൗട്ട് ഇസ്ലാം എന്നത് അമാറ മജീദിന്റെ പ്രധാന കൃതിയാണ്.